News

ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം

കൊട്ടാരക്കര: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നായിരുന്നു മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഒരു മണിക്കൂറിനകം മന്ത്രി ആശുപത്രി വിട്ടുവെന്ന് അധികൃതർ അറിയിച്ചു.

കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻതന്നെ മന്ത്രിക്ക് ഡ്രിപ്പ് നൽകി.

ഇന്ന് (വ്യാഴാഴ്ച) കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഈ സംഭവം. കോട്ടയത്തെ പരിപാടികൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴായിരുന്നു മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.