
മെഡിക്കൽ കോളേജ് നവീകരണം: ഒരു വർഷമായിട്ടും എംഎൽഎമാരുടെ ചോദ്യത്തിന് മറുപടി നൽകാതെ ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളുടെ ശോചനീയാവസ്ഥയും നവീകരണവും സംബന്ധിച്ച് നാല് എംഎൽഎമാർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് ഒരു വർഷം കഴിഞ്ഞിട്ടും ആരോഗ്യമന്ത്രി വീണാ ജോർജ് മറുപടി നൽകിയില്ല.
2024 ജൂൺ 21-ന് സഭയിൽ ഉന്നയിച്ച ചോദ്യത്തെ മന്ത്രി അവഗണിച്ചതായാണ് ഇത് വ്യക്തമാക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്.
ശ്രീ. തോമസ് കെ. തോമസ്, ശ്രീ. കോവൂർ കുഞ്ഞുമോൻ, ശ്രീ. മാത്യു ടി. തോമസ്, ശ്രീ. കെ.പി. മോഹനൻ എന്നിവർ സംയുക്തമായിട്ടായിരുന്നു ചോദ്യം (ചോദ്യം നം: 2206) ഉന്നയിച്ചത്.
എംഎൽഎമാർ ഉന്നയിച്ച ചോദ്യങ്ങൾ
(എ) സർക്കാർ മെഡിക്കൽ കോളേജുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്തൊക്കെയാണ്?
(ബി) മെഡിക്കൽ കോളേജുകളിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾക്ക് പകരം കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കുമോ?

ഈ രണ്ട് പ്രധാന ചോദ്യങ്ങൾക്കാണ് ഒരു വർഷം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പിൽ നിന്ന് മറുപടി ലഭിക്കാത്തത്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ചതുൾപ്പെടെ, സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ വിഷയം വീണ്ടും പ്രസക്തമാകുന്നത്. നിയമസഭയിൽ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാത്തത് സഭയോടുള്ള അനാദരവാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്.