KeralaNews

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് ഏഴുലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: ധൂര്‍ത്തിന്റെ പേരില്‍ പരസ്പരം വാക്‌പോരടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ധൂര്‍ത്തിനെതിരെ ബഹളം വെയ്ക്കുകയും ജീവിതത്തില്‍ ആഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത രണ്ടുപേരായിരിക്കുകയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും.

കഴിഞ്ഞദിവസം, ഗവര്‍ണര്‍ രാജ്ഭവനില്‍ പൗരപ്രമുഖര്‍ക്കായി ഒരുക്കിയ ക്രിസ്മസ് വിരുന്നിന്റെ ചെലവ് 7 ലക്ഷം രൂപയാണ്. ഈ മാസം 10 നായിരുന്നു ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന്. ഡിസംബര്‍ നാലിന് ഗവര്‍ണര്‍ക്ക് ക്രിസ്മസ് വിരുന്ന് നടത്താന്‍ 7 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

നവകേരള സദസ്സിന്റെ തിരക്കിലാണെങ്കിലും വിശ്വസ്തനായ സി.എം. രവീന്ദ്രന്‍ കത്തിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ പണം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായി. പിണറായി വിജയന്റെ കീഴിലുള്ള പൊളിറ്റിക്കല്‍ വകുപ്പില്‍ നിന്ന് 7 ലക്ഷം ആവശ്യപ്പെട്ട് ഡിസംബര്‍ അഞ്ചിന് ഫയല്‍ ധനവകുപ്പിലെത്തി.

എന്നാല്‍, ബാലഗോപാല്‍ പണം അനുവദിക്കാന്‍ വീണ്ടും 3 ദിവസമെടുത്തു. ഒടുവില്‍ ഡിസംബര്‍ എട്ടിന് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി അധിക ഫണ്ടായി 7 ലക്ഷം അനുവദിച്ചു. 1 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. അതുകൊണ്ടാണ് ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയത്.

അതോടെ പണം ട്രഷറിയില്‍ നിന്ന് ഉടന്‍ മാറി കിട്ടുകയും ചെയ്തു. ഈമാസം ട്രഷറിയില്‍ നിന്നും ശമ്പളവും പെന്‍ഷനും അല്ലാതെ ഒന്നും മാറാതെ ഇരിക്കുമ്പോഴാണ് പൗരപ്രമുഖര്‍ക്കായി ഗവര്‍ണര്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ ട്രഷറിയില്‍ നിന്ന് പാസാക്കിയെടുത്തു എന്നതാണ് വിരോധാഭാസം.

ക്രിസ്മസ് വിരുന്നിന്റെ തൊട്ടടുത്ത ദിവസം ആണ് എസ്.എഫ്.ഐക്കാര്‍ ഗവര്‍ണറുടെ വാഹനം തടഞ്ഞത്. പിണറായിയും ഗവര്‍ണറും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുമ്പോഴും ഗവര്‍ണര്‍ ചോദിച്ചാല്‍ ഉടന്‍ പണം അനുവദിക്കുന്ന രീതിയാണ് പിണറായിയുടേത്. തിരിച്ച് ഗവര്‍ണര്‍ മധുരപലഹാരങ്ങള്‍ പിണറായിക്കും കുടുംബത്തിനും നല്‍കും. ഇതാണ് പതിവ് രീതികള്‍. 2 ലൈഫ് മിഷന്‍ വീട് വയ്ക്കാനുള്ള പണം ആണ് ക്രിസ്മസ് വിരുന്നിനായി ഗവര്‍ണര്‍ക്ക് നല്‍കിയത്.

ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാനും ക്ഷണിതാക്കളും ചേര്‍ന്നാണ് ക്രിസ്മസ് കേക്ക് മുറിച്ചത്. ശ്രീ വി. മുരളീധരന്‍, കേന്ദ്ര സഹമന്ത്രി, ശ്രീ. കെ.സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ ജ്യോതിലാല്‍, ബിഷപ്പുമാരായ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ, ജോസഫ് മാര്‍ ബാര്‍ണബസ്, മാര്‍ ജോസഫ് പെരുംതോട്ടം, കുര്യാക്കോസ് മോര്‍ സേവേറിയസ്, മാത്യൂസ് മോര്‍ സില്‍വാനിയോസ്, ഡോ. മോബിന്‍ മാത്യു കുന്നംപിള്ളി, ശാന്തിഗിരി ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പാളയം ഇമാം ശുഹൈബ് മൌലവി തുടങ്ങിയ പൗര പ്രമുഖര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *