News

ശമ്പളവും പെൻഷനും മുടങ്ങി, ട്രഷറികൾ സ്തംഭിച്ചു; ‘നെറ്റ്‌വർക്ക് തകരാർ’ എന്ന് സർക്കാർ, ഫണ്ടില്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചു. ശമ്പളവും പെൻഷനും ഉൾപ്പെടെ ഒരു ബില്ലും ഇന്ന് (ജൂലൈ 3, വ്യാഴാഴ്ച) രാവിലെ മുതൽ മാറാൻ കഴിയുന്നില്ല. നെറ്റ്‌വർക്ക് തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, സർക്കാരിന്റെ കയ്യിൽ പണമില്ലാത്തതിനാൽ നെറ്റ്‌വർക്ക് താൽക്കാലികമായി നിർത്തിവെച്ചതാണെന്ന ആക്ഷേപം ശക്തമാണ്.

മാസത്തിലെ മൂന്നാം പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ടിയിരുന്ന നിരവധി സർക്കാർ ജീവനക്കാർ പ്രതിസന്ധിയിലായി. പെൻഷൻ അക്കൗണ്ടുകളിൽ എത്തിയ പണം പിൻവലിക്കാൻ സാധിക്കാത്തത് പെൻഷൻകാരെയും വലച്ചു. മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ ട്രഷറിയിൽ നെറ്റ്‌വർക്ക് തകരാർ പതിവാകുന്നതാണ് ഇത്തരം ആരോപണങ്ങൾക്ക് ബലം നൽകുന്നത്.

കടമെടുത്തിട്ടും തികയാതെ…

ശമ്പളവും പെൻഷനും നൽകുന്നതിനായി സർക്കാർ ഈ മാസം ഒന്നാം തീയതി 2000 കോടി രൂപ കടമെടുത്തിരുന്നു. എന്നാൽ, ആദ്യത്തെ അഞ്ച് ദിവസത്തെ ചെലവുകൾക്കായി ഏകദേശം 4800 കോടിയോളം രൂപയാണ് സർക്കാരിന് വേണ്ടത്. കടമെടുത്തതിന് പുറമെ, ആവശ്യമായ ബാക്കി തുക കണ്ടെത്താൻ സർക്കാരിന് സാധിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് സൂചന.

സംസ്ഥാനം കടക്കെണിയിൽ

പ്രതിമാസ ചെലവുകൾക്ക് പോലും കടമെടുക്കേണ്ടി വരുന്ന സാഹചര്യം സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് തുറന്നുകാട്ടുന്നത്. കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ബാധ്യതകൾ ഉൾപ്പെടെ കേരളത്തിന്റെ ആകെ കടബാധ്യത 6 ലക്ഷം കോടി രൂപയിലേക്ക് കുതിക്കുകയാണ്. ഇതിന് പുറമെ, ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷേമ പെൻഷൻ ഇനത്തിലും കരാറുകാർക്കും ഉൾപ്പെടെ ഏകദേശം 2 ലക്ഷം കോടി രൂപയുടെ കുടിശ്ശികയും സർക്കാർ നൽകാനുണ്ട്.