KeralaNews

പെരുമാറ്റച്ചട്ട ലംഘനം: ഡോ. ഹാരിസിനെതിരെ നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ സർക്കാർ നടപടിക്ക് ഒരുങ്ങുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ, താൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും, സത്യം പറഞ്ഞതിന് ശേഷം ഒളിച്ചിരിക്കില്ലെന്നും ഡോ. ഹാരിസ് പ്രതികരിച്ചു.

1960-ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 56, 60, 61 എന്നീ ചട്ടങ്ങൾ പ്രകാരം, ഒരു സർക്കാർ ജീവനക്കാരൻ സർക്കാരിന്റെ നയങ്ങളെയോ നടപടികളെയോ വിമർശിക്കാനോ, ഔദ്യോഗിക വിവരങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താനോ പാടില്ല. ഈ ചട്ടങ്ങൾ ലംഘിച്ചതിനാണ് ഡോക്ടർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾക്ക് സർക്കാർ തയ്യാറെടുക്കുന്നത്.

അതേസമയം, തന്റെ വെളിപ്പെടുത്തൽ ഒരു രാഷ്ട്രീയ വിവാദം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ഡോ. ഹാരിസ് വ്യക്തമാക്കി. “പറഞ്ഞ കാര്യങ്ങളെല്ലാം പരമാർത്ഥമാണ്. സത്യം പറഞ്ഞശേഷം ഒളിച്ചിരുന്നിട്ടില്ല.

ആശുപത്രിയിലെ പ്രതിസന്ധികളെക്കുറിച്ച് മേലധികാരികളെ അറിയിച്ചിരുന്നു. അവർ അത് മുകളിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയോ എന്ന് സംശയമുണ്ട്. ഇതുവരെ ആരും ഡിപ്പാർട്ട്‌മെന്റിൽ നേരിട്ടെത്തി അന്വേഷിക്കുകയോ, ഈ വിഷയത്തെക്കുറിച്ച് തിരക്കി വിളിക്കുകയോ ചെയ്തിട്ടില്ല,” എന്നും അദ്ദേഹം പറഞ്ഞു.

‘സത്യം പറഞ്ഞതിന് വിരട്ടേണ്ട’

തന്റെ വെളിപ്പെടുത്തൽ ഒരു രാഷ്ട്രീയ വിവാദം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും, രോഗികളോടുള്ള കടപ്പാട് കൊണ്ടാണ് കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. “അപേക്ഷിച്ചും ഇരന്നുമാണ് ഉപകരണങ്ങൾ വാങ്ങുന്നത്. അത് മടുത്തതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റിട്ടത്. സത്യം പറഞ്ഞതിന് ശേഷം ഒളിച്ചിരുന്നിട്ടില്ല,” എന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളേജിലെ എല്ലാ വകുപ്പുകളിലും പ്രശ്നങ്ങളുണ്ടെന്നും, പലപ്പോഴും രോഗികൾ തന്നെയാണ് ആർഐആർഎസ് പോലുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ പണം മുടക്കി വാങ്ങിത്തരുന്നത് എന്നും ഡോ. ഹാരിസ് വെളിപ്പെടുത്തി. “ഉപകരണങ്ങൾക്ക് പലയാളുകൾ പണം നൽകുന്നതും ഏജന്റുമാർ വന്ന് പണം വാങ്ങുന്നതും ഞങ്ങൾ ഡോക്ടർമാരെ സംബന്ധിച്ച് പ്രതിസന്ധിയാണ്.

ഒരു വിജിലൻസ് അന്വേഷണം വന്നാൽ ഞങ്ങൾ കൈക്കൂലി വാങ്ങി എന്ന് വരെ പ്രചരിപ്പിക്കപ്പെടാം,” അദ്ദേഹം പറഞ്ഞു. നിലവിൽ ഓഗസ്റ്റ് നാലുവരെ ശസ്ത്രക്രിയക്കായി രോഗികൾ കാത്തിരിപ്പ് പട്ടികയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.