Job Vacancy

പരിശീലനം സൗജന്യം, ₹15,000 സ്റ്റൈപ്പൻഡ്; എൻജിനീയർമാരെ തേടി മുൻനിര കമ്പനികൾ, അവസരമൊരുക്കി ഐഐഐസി

കൊല്ലം: ബിടെക് ബിരുദധാരികളായ യുവ എൻജിനീയർമാർക്ക് ആകർഷകമായ തൊഴിലവസരം. സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) വഴി ഇന്ത്യയിലെ മുൻനിര നിർമാണ കമ്പനികളിലേക്ക് നേരിട്ട് നിയമനം നേടാം. കമ്പനി തന്നെ പരിശീലന ഫീസ് വഹിക്കുകയും പരിശീലന കാലയളവിൽ കുറഞ്ഞത് 15,000 രൂപ സ്റ്റൈപ്പൻഡ് നൽകുകയും ചെയ്യുന്ന “ഹയർ, ട്രെയിൻ, ഡിപ്ലോയ്” (HTD) പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30.

ബിടെക് സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിരുദധാരികൾക്കും തത്തുല്യ യോഗ്യതയുള്ളവർക്കുമാണ് അവസരം. ഐഐഐസിയുടെ എച്ച്ടിഡി സ്കീമിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഈ കടമ്പകൾ വിജയിക്കുന്ന 200 പേർക്ക് രാജ്യത്തെ പ്രമുഖ നിർമാണ കമ്പനികളിൽ ജോലി വാഗ്ദാനം ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർ ഐഐഐസിയിൽ ആറു മാസമോ ഒരു വർഷമോ നീളുന്ന പരിശീലനം പൂർത്തിയാക്കണം. ഈ പരിശീലനത്തിന്റെ മുഴുവൻ ചെലവും നിയമനം നൽകുന്ന കമ്പനി തന്നെ വഹിക്കും. പരിശീലന കാലയളവിൽ പ്രതിമാസം 15,000 രൂപയിൽ കുറയാത്ത സ്റ്റൈപ്പൻഡും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ കമ്പനിയുടെ വിവിധ പ്രോജക്ടുകളിലേക്ക് വിന്യസിക്കും.

അപേക്ഷിക്കേണ്ട വിധം

24 വയസ്സാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി (2001 ജൂൺ 1-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം). യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഐഐഐസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.iiic.ac.in സന്ദർശിച്ച് അഡ്മിഷൻ ടാബിലൂടെ എച്ച്ടിഡി സ്കീമിലേക്ക് അപേക്ഷിക്കാം. 600 രൂപയാണ് അപേക്ഷാ ഫീസ്.

എച്ച്ടിഡി സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തവർക്കും അവസരമുണ്ട്. അഭിരുചി പരീക്ഷ പാസാകുന്ന മറ്റുള്ളവർക്ക്, ഫീസ് അടച്ച് ഐഐഐസിയുടെ മറ്റ് റെഗുലർ പരിശീലന കോഴ്സുകളിൽ ചേരാം. ഈ പരിശീലനം പൂർത്തിയാക്കുന്നവർക്കും പ്രമുഖ കമ്പനികളിൽ പ്ലേസ്മെന്റ് സഹായം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.iiic.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8078980000.