News

വിസ്മയ കേസിൽ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി; പ്രതി കിരണിന് ജാമ്യം

ന്യൂഡൽഹി: കേരളത്തെ നടുക്കിയ വിസ്മയ സ്ത്രീധന പീഡന-ആത്മഹത്യ കേസിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കിരൺ കുമാറിന്റെ പത്ത് വർഷത്തെ തടവുശിക്ഷ മരവിപ്പിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ തീരുമാനം വൈകുന്ന സാഹചര്യം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

ഹൈക്കോടതി അപ്പീലിൽ വിധി വരുന്നതുവരെയാണ് കിരണിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖങ്ങൾ നൽകാനോ പാടില്ലെന്നതുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും അതിനാൽ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ അപ്പീൽ തീർപ്പാക്കുന്നതിലെ കാലതാമസമാണ് സുപ്രീം കോടതി പരിഗണിച്ചത്.

2021 ജൂൺ 21-നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ അതൃപ്തിയും വാഗ്ദാനം ചെയ്ത സ്വർണം പൂർണമായി ലഭിക്കാത്തതിന്റെ പേരിലും കിരൺ കുമാർ വിസ്മയയെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി.

വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയായപ്പോൾ, നാല് മാസം നീണ്ട വിചാരണയ്ക്ക് ശേഷം കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ചു. സ്ത്രീധന പീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് പത്ത് വർഷം തടവുശിക്ഷ വിധിച്ചത്. ഈ ശിക്ഷാവിധിക്കെതിരെയാണ് കിരൺ കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നത്.