InternationalNews

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ; ഇസ്രായേൽ സമ്മതിച്ചതായി ട്രംപ്, തീരുമാനം ഹമാസിന്റെ കോർട്ടിൽ

വാഷിംഗ്ടൺ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ കാലയളവിൽ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറും ഈജിപ്തും ചേർന്ന് തയ്യാറാക്കിയ അന്തിമ വെടിനിർത്തൽ നിർദ്ദേശം ഹമാസ് അംഗീകരിക്കണമെന്നും, ഇതിലും മികച്ച ഒരു അവസരം അവർക്ക് ലഭിക്കില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആവശ്യപ്പെട്ടു.

“ഇസ്രായേൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കും,” ട്രംപ് പറഞ്ഞു. “സമാധാനത്തിനായി ഏറെ പ്രയത്നിച്ച ഖത്തറികളും ഈജിപ്തുകാരും ഈ അന്തിമ നിർദ്ദേശം സമർപ്പിക്കും. മധ്യപൂർവേഷ്യയുടെ നല്ലതിന് വേണ്ടി ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം ഇതിലും മികച്ചതൊന്ന് അവർക്ക് ലഭിക്കില്ല — കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രായേൽ മന്ത്രി റോൺ ഡെർമർ വെടിനിർത്തൽ ചർച്ചകൾക്കായി ചൊവ്വാഴ്ച വാഷിംഗ്ടണിലെത്തിയിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗാസയിൽ സഹായം തേടുന്ന പലസ്തീൻകാർക്കെതിരായ അക്രമങ്ങൾ ചൂണ്ടിക്കാട്ടി, നിലവിലെ സഹായ വിതരണ സംവിധാനം പിരിച്ചുവിടണമെന്ന് 150-ലധികം അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ സംഭവവികാസങ്ങൾ എന്നതും ശ്രദ്ധേയമാണ്.