
കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ വിവാഹമോചന കേസിൽ താരത്തിന് കനത്ത തിരിച്ചടി. വേർപിരിഞ്ഞ് കഴിയുന്ന ഭാര്യ ഹസിൻ ജഹാനും മകൾക്കും പ്രതിമാസം 4 ലക്ഷം രൂപ ജീവനാംശം നൽകണമെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അജോയ് കുമാർ മുഖർജിയുടെ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
ഹസിൻ ജഹാന്റെ വ്യക്തിപരമായ ചെലവുകൾക്കായി 1.5 ലക്ഷം രൂപയും, പ്രായപൂർത്തിയാകാത്ത മകളുടെ സംരക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി 2.5 ലക്ഷം രൂപയും നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ, കൊൽക്കത്തയിലെ അലിപോർ കോടതി ഷമിക്ക് 50,000 രൂപയും മകൾക്ക് 80,000 രൂപയും ഉൾപ്പെടെ 1.3 ലക്ഷം രൂപ നൽകാനായിരുന്നു ഉത്തരവിട്ടിരുന്നത്. ഈ തുക അപര്യാപ്തമാണെന്ന് കാണിച്ച് ഹസിൻ ജഹാൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ പുതിയ വിധി.
പ്രതിമാസം 10 ലക്ഷം രൂപ (തനിക്ക് 7 ലക്ഷവും മകൾക്ക് 3 ലക്ഷവും) ജീവനാംശം വേണമെന്നായിരുന്നു ഹസിൻ ജഹാൻ ആവശ്യപ്പെട്ടിരുന്നത്. ഷമിയുടെ വരുമാനം പരിഗണിച്ച് ഉയർന്ന തുക അനുവദിക്കണമെന്ന ഹസിൻ ജഹാന്റെ അഭിഭാഷകരുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 2021-ലെ ആദായ നികുതി റിട്ടേൺ പ്രകാരം ഷമിയുടെ വാർഷിക വരുമാനം ഏകദേശം 7.19 കോടി രൂപയാണെന്ന് (പ്രതിമാസം 60 ലക്ഷം രൂപ) ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഷമിയുടെ ഉയർന്ന വരുമാനവും, ഹസിൻ ജഹാൻ പുനർവിവാഹം ചെയ്യാതെ മകളോടൊപ്പം തനിച്ച് താമസിക്കുകയാണെന്നതും കണക്കിലെടുക്കുമ്പോൾ, കീഴ്‌ക്കോടതി വിധി തിരുത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 1.5 ലക്ഷവും 2.5 ലക്ഷവും ഇരുവർക്കും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ന്യായമായ തുകയാണെന്നും കോടതി വിലയിരുത്തി.
2014-ലാണ് മുൻ മോഡലായ ഹസിൻ ജഹാനും മുഹമ്മദ് ഷമിയും വിവാഹിതരായത്. 2015-ൽ ഇവർക്ക് ഒരു മകൾ ജനിച്ചു. 2018-ൽ ഷമിക്കെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ഒത്തുകളി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്. പരിക്കിനെ തുടർന്ന് നിലവിൽ ഇന്ത്യൻ ടീമിന് പുറത്തുള്ള ഷമി, 2025 ഐപിഎല്ലിലാണ് അവസാനമായി കളിച്ചത്.