Kerala

കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ്; എസ്എഫ്‌ഐ-എഐഎസ്എഫ് പോര്; നേതാക്കളെ മർദിച്ചെന്ന് ആരോപണം

കൊല്ലം: എഐഎസ്എഫ് ജില്ലാ നേതാക്കളെ എസ്എഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചെന്നാരോപിച്ച് കൊല്ലം ജില്ലയിൽ നാളെ (ജൂലൈ 2, ബുധനാഴ്ച) വിദ്യാഭ്യാസ ബന്ദിന് എഐഎസ്എഫിന്റെ ആഹ്വാനം. ക്യാമ്പസുകളിലെ എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരെയാണ് ബന്ദ് എന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൊല്ലം ടികെഎം കോളേജിൽ വെച്ചാണ് എഐഎസ്എഫ് ജില്ലാ നേതാക്കൾക്ക് മർദനമേറ്റത്. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അതുലിന്റെ നേതൃത്വത്തിൽ, “ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന ഗുണ്ടകളാണ്” ആക്രമണത്തിന് പിന്നിലെന്ന് എഐഎസ്എഫ് ഗുരുതരമായ ആരോപണം ഉന്നയിച്ചു.

കൊല്ലം ജില്ലയിലെ കലാലയങ്ങളിൽ അക്രമ രാഷ്ട്രീയം വർധിച്ചുവരികയാണെന്നും, പല കോളേജുകൾക്ക് മുന്നിലും എഐഎസ്എഫ് സ്ഥാപിച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.

എസ്എൻ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമാണ് ടികെഎം കോളേജിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും, ജനാധിപത്യപരമായി പ്രവർത്തിക്കുന്ന തങ്ങളുടെ സംഘടനയെ എസ്എഫ്‌ഐ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും എഐഎസ്എഫ് ആരോപിച്ചു.

ഈ ഫാസിസ്റ്റ് ശൈലിക്കെതിരായ ശക്തമായ താക്കീതായിരിക്കും വിദ്യാഭ്യാസ ബന്ദ് എന്നും എഐഎസ്എഫ് നേതാക്കൾ കൂട്ടിച്ചേർത്തു.