
പാരീസ്: ഫിഫ ക്ലബ്ബ് ലോകകപ്പിൽ നിന്ന് ഇന്റർ മയാമി പുറത്തായതിന് പിന്നാലെ, ടീമിലെ സഹതാരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബോൾ ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ലയണൽ മെസ്സി കളിക്കുന്നത് “പ്രതിമകളെപ്പോലെയുള്ള” കളിക്കാർക്കൊപ്പമാണെന്നും, തോൽവിയുടെ ഉത്തരവാദിത്തം മെസ്സിക്കല്ല, ഇന്റർ മയാമിക്കാണെന്നും ഇബ്രാഹിമോവിച്ച് തുറന്നടിച്ചു.
ക്ലബ്ബ് ലോകകപ്പ് പ്രീ-ക്വാർട്ടറിൽ മുൻ ക്ലബ്ബായ പി.എസ്.ജിയോട് എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ തോൽവി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ വഴങ്ങിയ മയാമിയുടെ പ്രകടനത്തിൽ താൻ നിരാശനാണെന്ന് ബാഴ്സലോണയിൽ മെസ്സിയുടെ സഹതാരമായിരുന്ന ഇബ്രാഹിമോവിച്ച് പറഞ്ഞു.
“ഇത് ഞാൻ അറിയുന്ന മെസ്സിയല്ല. മെസ്സി കളിക്കുന്നത് സഹതാരങ്ങൾക്കൊപ്പമല്ല, പ്രതിമകൾക്കൊപ്പമാണ്. സിമന്റ് ചാക്കുകളും ചുമന്ന് ഓടുന്നതുപോലെയാണ് അവർ കളിക്കുന്നത്. ഒരു യഥാർത്ഥ ടീമിലായിരുന്നു മെസ്സി കളിച്ചിരുന്നതെങ്കിൽ, നിങ്ങൾ യഥാർത്ഥ സിംഹത്തെ കണ്ടേനെ,” ഇബ്രാഹിമോവിച്ച് പറഞ്ഞു.
ഇന്റർ മയാമിയിൽ മികച്ച പരിശീലകനോ, താരങ്ങളോ, എന്തിന് പന്തില്ലാതെ എങ്ങനെ നീങ്ങണമെന്ന് അറിയുന്ന കളിക്കാർ പോലുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “99% കളിക്കാർക്കും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇപ്പോഴും ചെയ്യാൻ കഴിവുള്ളതുകൊണ്ടും, കളി ഒരുപാട് ഇഷ്ടപ്പെടുന്നതുകൊണ്ടുമാണ് മെസ്സി ഇപ്പോഴും കളിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തോൽവിയിലും നല്ല വശങ്ങൾ കാണാനാണ് മെസ്സി ശ്രമിച്ചത്. “ഞങ്ങൾ പ്രതീക്ഷിച്ച മത്സരമായിരുന്നു ഇത്. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു, ക്ലബ്ബ് ലോകകപ്പിൽ മികച്ചൊരു പ്രതിച്ഛായ നൽകിയാണ് ഞങ്ങൾ മടങ്ങുന്നത്,” എന്നാണ് 38-കാരനായ മെസ്സി മത്സരശേഷം പ്രതികരിച്ചത്. ടൂർണമെന്റിൽ ഒരു യൂറോപ്യൻ ക്ലബ്ബിനെ തോൽപ്പിക്കുന്ന ആദ്യ എംഎൽഎസ് ടീം എന്ന നേട്ടം ഇന്റർ മയാമി സ്വന്തമാക്കിയിരുന്നു.