
ആർആർബി എൻടിപിസി ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; ഉത്തരങ്ങളിൽ പരാതിയുണ്ടെങ്കിൽ ഇപ്പോൾ നൽകാം | RRB NTPC answer key 2025
ന്യൂഡൽഹി: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) നടത്തിയ നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറി (എൻടിപിസി) ബിരുദതല തസ്തികകളിലേക്കുള്ള പരീക്ഷയുടെ (CEN 05/2024) പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റായ rrbcdg.gov.in
സന്ദർശിച്ച് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.
ഉത്തരങ്ങളിൽ എന്തെങ്കിലും ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഒരു ചോദ്യത്തിന് 50 രൂപയും ബാങ്ക് ചാർജുമാണ് പരാതി നൽകുന്നതിനുള്ള ഫീസ്. ഉന്നയിക്കുന്ന പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ, ബാങ്ക് ചാർജുകൾ കിഴിച്ച് ബാക്കി തുക തിരികെ നൽകും.
പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 6, രാത്രി 11:55 വരെയാണ്. അതിന് ശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യുന്ന വിധം
- ഔദ്യോഗിക വെബ്സൈറ്റായ
www.rrbcdg.gov.in
സന്ദർശിക്കുക. - ഹോം പേജിലെ ‘NTPC Graduate post 2024 answer key’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ലോഗിൻ വിവരങ്ങൾ (രജിസ്ട്രേഷൻ നമ്പർ, പാസ്വേഡ്) നൽകി സബ്മിറ്റ് ചെയ്യുക.
- ഉത്തരസൂചിക സ്ക്രീനിൽ ദൃശ്യമാകും.
- ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.
8113 ഒഴിവുകളിലേക്കാണ് ഈ പരീക്ഷ നടത്തിയത്. ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.