CricketSports

സഞ്ജുവിനായി ‘വടംവലി’ മുറുകുന്നു; ചെന്നൈക്ക് വെല്ലുവിളിയുമായി കൂടുതൽ ടീമുകൾ രംഗത്ത്

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും വലിയ താരക്കൈമാറ്റ ചർച്ചകൾക്ക് ചൂടുപിടിക്കുന്നു. രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് ഉൾപ്പെടെ ഒന്നിലധികം ടീമുകൾ രംഗത്തുണ്ടെന്ന് പ്രമുഖ കായിക മാധ്യമമായ ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു. ഇതോടെ, സഞ്ജു രാജസ്ഥാൻ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്.

സഞ്ജുവിനെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പ്രതിനിധി തന്നെ ‘ക്രിക്ബസി’നോട് സ്ഥിരീകരിച്ചു. “തീർച്ചയായും സഞ്ജുവിനെ ടീമിലെത്തിക്കാൻ താൽപര്യമുണ്ട്. വിക്കറ്റ് കീപ്പറും ഓപ്പണറും എന്നതിലുപരി അദ്ദേഹം ഒരു ഇന്ത്യൻ താരമാണ്.

സഞ്ജുവിനെ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഞങ്ങൾ അതിനായി ശ്രമിക്കും,” എന്നാണ് സിഎസ്കെ വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ, ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും ആരെ പകരമായി നൽകും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

18 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തിയ താരമാണ് സഞ്ജു. അതിനാൽ, ഇത്രയും ഉയർന്ന മൂല്യമുള്ള താരത്തെ സ്വന്തമാക്കണമെങ്കിൽ ചെന്നൈയ്ക്ക് ഒന്നിലധികം കളിക്കാരെ വിട്ടുനൽകേണ്ടി വരും. നിലവിലെ നായകൻ ഋതുരാജ് ഗെയ്ക്‌വാദിനെ കൈമാറാൻ സാധ്യതയില്ല. അതിനാൽ, ചെന്നൈയുടെ നീക്കങ്ങൾ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

സാധാരണയായി താരക്കൈമാറ്റത്തിൽ അധികം സജീവമല്ലാത്ത ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ്. 2021-ൽ റോബിൻ ഉത്തപ്പയെ രാജസ്ഥാനിൽ നിന്ന് പണം നൽകി വാങ്ങിയിരുന്നെങ്കിലും, കളിക്കാരെ വെച്ചുമാറുന്ന വലിയ ട്രേഡുകൾക്ക് അവർ മുതിർന്നിട്ടില്ല. നിലവിൽ ഐപിഎൽ ട്രേഡിംഗ് വിൻഡോ ഓപ്പണാണ്.

ചെന്നൈക്ക് പുറമെ മറ്റ് ചില പ്രമുഖ ഐപിഎൽ ടീമുകളും സഞ്ജുവിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിനെ വിട്ടുനൽകുന്ന കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. സഞ്ജുവിന് പുറമെ രാജസ്ഥാൻ ടീമിലെ മറ്റ് ചില കളിക്കാർക്കായും ടീമുകൾ രംഗത്തുണ്ടെന്നും സൂചനയുണ്ട്.