EducationNews

കീം ഫലം പ്രസിദ്ധീകരിച്ചു; ജോൺ ഷിനോജിന് ഒന്നാം റാങ്ക്

കോഴിക്കോട്: വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമിട്ട് കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍ക്കിടെക്ചര്‍ മെഡിക്കല്‍) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് കോഴിക്കോട്ട് വെച്ച് ഫലപ്രഖ്യാപനം നടത്തിയത്. മാർക്ക് ഏകീകരണത്തിലെ പുതിയ മാനദണ്ഡങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ഫലം പ്രഖ്യാപിക്കാനായത്.

എൻജിനീയറിങ് വിഭാഗത്തിൽ മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജ് ഒന്നാം റാങ്ക് കരസ്ഥമാക്കി. എറണാകുളം സ്വദേശി ഹരികൃഷ്ണൻ രണ്ടാം റാങ്കും, കോഴിക്കോട് സ്വദേശി അക്ഷയ് ബിജു മൂന്നാം റാങ്കും നേടി.

വിദ്യാർത്ഥികൾക്ക് ആശ്വാസമായി പുതിയ മാർക്ക് ഏകീകരണം

വർഷങ്ങളായി സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയായിരുന്ന മാർക്ക് ഏകീകരണ രീതിക്കാണ് ഇത്തവണ മാറ്റം വന്നിരിക്കുന്നത്. പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിലെ മാർക്കും കീം പരീക്ഷയിലെ മാർക്കും ചേർത്ത് റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ, പഴയ ഏകീകരണ രീതി മൂലം സംസ്ഥാന സിലബസിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് പോലും 20 മുതൽ 40 വരെ മാർക്കുകൾ നഷ്ടപ്പെട്ടിരുന്നു.

ഈ പരാതി വ്യാപകമായതിനെ തുടർന്നാണ് സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ ശുപാർശ പ്രകാരം, തമിഴ്‌നാട് മാതൃകയിൽ, സംസ്ഥാന സിലബസിലെ വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടാത്ത രീതിയിലുള്ള പുതിയ ഏകീകരണ രീതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

ഫലങ്ങൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.