
കേന്ദ്രത്തിൽ ക്ഷാമബത്ത വർധന; കേരളത്തിലെ ജീവനക്കാർക്ക് 7 ഗഡു കുടിശ്ശിക
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി അടുത്ത ക്ഷാമബത്ത (DA) വർധനവിന് കളമൊരുങ്ങുന്നു. ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള പുതിയ ക്ഷാമബത്തയുടെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബറിലോ ഉണ്ടാകും. ഇതോടെ കേരളത്തിലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക ഏഴ് ഗഡുക്കളായി ഉയരും.
രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് കണക്കാക്കുന്ന വ്യവസായ തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചിക (AICPI-IW) അനുസരിച്ച്, ഇത്തവണ രണ്ട് മുതൽ മൂന്ന് ശതമാനം വരെ വർധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 55 ശതമാനമാണ് കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത. മൂന്ന് ശതമാനം വർധനയുണ്ടായാൽ ഇത് 58 ശതമാനമായി ഉയരും.
വിവിധ സംസ്ഥാനങ്ങളിലെ അവസ്ഥ
കേന്ദ്ര സർക്കാർ ക്ഷാമബത്ത വർധിപ്പിക്കുന്നതിന് ആനുപാതികമായി ജീവനക്കാർക്ക് ആനുകൂല്യം നൽകുന്ന 13-ഓളം സംസ്ഥാനങ്ങളുണ്ട്. ഉത്തർപ്രദേശ്, കർണാടക, ഒഡീഷ, തമിഴ്നാട്, ജാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സാധാരണയായി കേന്ദ്ര പ്രഖ്യാപനത്തിന് പിന്നാലെ തങ്ങളുടെ ജീവനക്കാർക്കും ക്ഷാമബത്ത വർധിപ്പിക്കാറുണ്ട്. ഇവിടങ്ങളിലെ ലക്ഷക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും പുതിയ വർധനവിന്റെ പ്രയോജനം വൈകാതെ ലഭിക്കും.
എന്നാൽ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേന്ദ്രത്തിലെ പുതിയ വർധനവ് വരുന്നതോടെ, കേരളത്തിലെ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത കുടിശ്ശിക ഏഴ് ഗഡുക്കളാകും. ഇത് സംസ്ഥാന ജീവനക്കാരും കേന്ദ്ര നിരക്ക് ലഭിക്കുന്നവരും തമ്മിലുള്ള ശമ്പള അന്തരം വീണ്ടും വർധിപ്പിക്കും. കേന്ദ്ര സർവീസിലുള്ള പെൻഷൻകാരുടെ ക്ഷാമ ആശ്വാസത്തിനും വർധനവ് ഉണ്ടാകും. അതേസമയം, കേരളത്തില് ഇവരുടെ ക്ഷാമ ആശ്വാസം ഏഴ് ഗഡുക്കളായി ഉയരും.
കേരളത്തിൽ നേട്ടം ഇവർക്ക് മാത്രം
കേരളത്തിൽ കേന്ദ്ര സർക്കാർ നിരക്കിലുള്ള ക്ഷാമബത്ത ലഭിക്കുന്നത് ഐഎഎസ്, ഐപിഎസ് തുടങ്ങിയ അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, പി.എസ്.സി. ചെയർമാൻ, അംഗങ്ങൾ എന്നിവർക്ക് മാത്രമാണ്. അതിനാൽ, പുതിയ വർധനവ് ഇവരുടെ ശമ്പളത്തിൽ കാര്യമായ വർധനവുണ്ടാക്കും. സംസ്ഥാന ജീവനക്കാർക്ക് പക്ഷെ കുടിശ്ശികയുടെ ഭാരം കൂടുകയേയുള്ളൂ.