News

പടക്കം പൊട്ടിക്കാൻ മാത്രം ദിവസം 3 ലക്ഷം രൂപ; വിമാനത്താവളത്തിൽ പക്ഷികളെ തുരത്താൻ വേണ്ടത് 12 കോടി!

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചതിന് പിന്നാലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ പക്ഷി നിയന്ത്രണ മാർഗ്ഗങ്ങളുടെ കണക്കുകൾ പുറത്ത് വരുമ്പോൾ ആരും ഞെട്ടിപ്പോകും.

വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ, പക്ഷികളെ ‘പേടിപ്പിച്ച്’ ഓടിക്കുന്നതിനായി വിമാനത്താവളം ഒരു വർഷം ചെലവഴിക്കുന്നത് ഏകദേശം 12 കോടി രൂപയാണ് (11,82,60,000 രൂപ). ഇതിൽ ഏറ്റവും വലിയ പങ്കും പടക്കം പൊട്ടിക്കുന്നതിനാണ്.

ദിവസവും 3,24,000 രൂപയാണ് ഈ ഇനത്തിലെ ആകെ ചെലവ്. ഇതിൽ മൂന്ന് ലക്ഷം രൂപയും പടക്കങ്ങൾക്കും റോക്കറ്റുകൾക്കുമാണ്. വിമാനത്താവളത്തിലെ 12 പ്രധാന പോയിന്റുകളിൽ നിന്നാണ് പക്ഷികളെ അകറ്റാൻ രാവും പകലും പടക്കം പൊട്ടിക്കുന്നത്.

രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളിലായി 200 ഗുണ്ടുകളും 50 റോക്കറ്റുകളും ആകാശത്ത് വെച്ച് പൊട്ടുന്ന സ്കൈ ഷോട്ടുകളും ഉപയോഗിക്കുന്നു. ഈ ജോലിക്കായി മാത്രം 30 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. 24,000 രൂപ മാസശമ്പളത്തിൽ ഇവർക്കായി 7,20,000 രൂപയാണ് പ്രതിമാസം വേണ്ടത്.

പുല്ല് വളർത്തിയും പ്രതിരോധം

പടക്കം പൊട്ടിക്കലിന് പുറമെ മറ്റു പല മാർഗ്ഗങ്ങളും വിമാനത്താവള അധികൃതർ സ്വീകരിച്ചിട്ടുണ്ട്. പക്ഷികളെ ആകർഷിക്കുന്ന പ്രാണികൾ വരാത്ത തരം പുല്ലുകളാണ് റൺവേയുടെ സമീപത്ത് നട്ടുപിടിപ്പിച്ചിരിക്കുന്നത്. പ്രാവുകൾ കൂട്ടമായി തീറ്റ തേടി റൺവേയിലേക്ക് വരുന്നത് തടയാനായി 50 സെന്റിമീറ്റർ ഉയരത്തിൽ വളരുന്ന പ്രത്യേകതരം പുല്ലുകളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ ഉയരത്തിൽ പുല്ല് വളരുമ്പോൾ പ്രാവുകൾക്ക് പരസ്പരം കാണാൻ കഴിയില്ലെന്നും, അവ കൂട്ടമായി തീറ്റ തേടി എത്തില്ലെന്നുമാണ് കണ്ടെത്തൽ.

എന്നാൽ, വിമാനത്താവളത്തിന് സമീപമുള്ള വീടുകളിൽ പ്രാവുകളെ വളർത്തുന്നതും പൊന്നറ പാലത്തിന് സമീപം മാലിന്യം തള്ളുന്നതും ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്.

പരിശോധനയ്ക്കായി എയർ ഇന്ത്യ വിമാനം

ഞായറാഴ്ച വൈകിട്ട് ലാൻഡ് ചെയ്യുന്നതിനിടെ 200 അടി ഉയരത്തിൽ വെച്ച് പക്ഷിയിടിച്ച ഡൽഹി-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം വിദഗ്ധ പരിശോധനയ്ക്കായി മാറ്റി. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെങ്കിലും ഡൽഹിയിലേക്കുള്ള മടക്കയാത്ര മുടങ്ങിയിരുന്നു. ഹോട്ടലുകളിലേക്ക് മാറ്റിയ 183 യാത്രക്കാരെ പിന്നീട് മറ്റ് രണ്ട് വിമാനങ്ങളിലായി ഡൽഹിയിലേക്ക് അയച്ചു.