
ExplainersNews
ലോകത്തിന്റെ ‘പോലീസ്’; അമേരിക്കൻ സൈനിക ഇടപെടലുകളുടെ ചോര പുരണ്ട ചരിത്രം
തിരുവനന്തപുരം: ജനാധിപത്യ സംരക്ഷണം, ഭീകരവാദത്തിനെതിരായ പോരാട്ടം, പൗരന്മാരുടെ സുരക്ഷ എന്നിങ്ങനെ പല കാരണങ്ങൾ നിരത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്ക നടത്തിയ സൈനിക ഇടപെടലുകൾക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ശീതയുദ്ധകാലത്ത് കമ്മ്യൂണിസത്തെ തടയുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെങ്കിൽ, പിന്നീട് അത് എണ്ണ സമ്പത്തിന്റെ നിയന്ത്രണവും ഭീകരവിരുദ്ധ പോരാട്ടവുമായി മാറി. ചില ഇടപെടലുകൾ ദീർഘകാലം നീണ്ടുനിന്ന രക്തരൂക്ഷിതമായ യുദ്ധങ്ങളിലാണ് അവസാനിച്ചത്. അമേരിക്കയുടെ പ്രധാന സൈനിക ഇടപെടലുകളിലൂടെ ഒരു യാത്ര.
ശീതയുദ്ധകാലത്തെ കമ്മ്യൂണിസ്റ്റ് വേട്ട
- ക്യൂബ (1961): ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റതോടെ അമേരിക്ക അസ്വസ്ഥരായി. സർക്കാരിനെ അട്ടിമറിക്കാൻ സിഐഎയുടെ പിന്തുണയോടെ വിപ്ലവവിരുദ്ധ ക്യൂബൻ സേനയെ അയച്ചു. എന്നാൽ ‘ബേ ഓഫ് പിഗ്‌സ്’ എന്നറിയപ്പെടുന്ന ഈ ആക്രമണത്തെ ക്യൂബൻ സേന പരാജയപ്പെടുത്തി.
- വിയറ്റ്നാം (1964): വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റമാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. 1964-ൽ ആരംഭിച്ച യുദ്ധത്തിൽ ഹോചിമിന്റെ നേതൃത്വത്തിൽ വിയറ്റ്നാം ജനത ധീരമായി പോരാടി. രണ്ടാം ലോകമഹായുദ്ധത്തിൽ വർഷിച്ചതിനേക്കാൾ കൂടുതൽ ബോംബുകൾ വർഷിച്ചിട്ടും അമേരിക്കയ്ക്ക് വിജയിക്കാനായില്ല. ഒടുവിൽ 1975-ൽ യുദ്ധം അവസാനിപ്പിച്ചതായി അമേരിക്കയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നു.
- ഡൊമിനിക്കൻ റിപ്പബ്ലിക്ക് (1965): ആഭ്യന്തരകലാപം രൂക്ഷമായ ഈ കരീബിയൻ ദ്വീപിൽ സ്വന്തം പൗരന്മാരെ രക്ഷിക്കാനെന്ന പേരിൽ അമേരിക്കൻ സൈന്യം പ്രവേശിച്ചു. എന്നാൽ യഥാർത്ഥ ലക്ഷ്യം കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വരുന്നത് തടയുക എന്നതായിരുന്നു.
മിഡിൽ ഈസ്റ്റിലെ ഇടപെടലുകൾ
- ഇറാൻ (1980-88): ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഇറാനെതിരെ നിന്ന അമേരിക്ക, സദ്ദാം ഹുസൈന്റെ ഇറാഖിന് എല്ലാവിധ ആയുധ സഹായങ്ങളും നൽകി. പിന്നീട്, പേർഷ്യൻ ഗൾഫിൽ കുവൈത്തിന്റെ എണ്ണക്കപ്പലുകൾക്ക് സുരക്ഷ നൽകാനെന്ന പേരിൽ ഇറാനെതിരെ ആക്രമണം നടത്തി. 1988 ജൂലൈയിൽ അമേരിക്കൻ യുദ്ധക്കപ്പൽ ഇറാന്റെ യാത്രാവിമാനം വെടിവെച്ചിട്ട സംഭവം ലോകത്തെ ഞെട്ടിച്ചു. ഈ ദുരന്തത്തിൽ 290 പേരാണ് കൊല്ലപ്പെട്ടത്.
- കുവൈത്ത് (1990): ഇറാഖ് കുവൈത്തിനെ ആക്രമിച്ച് കീഴടക്കിയപ്പോൾ, ഐക്യരാഷ്ട്രസഭയുടെ അനുമതിയോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖിനെതിരെ യുദ്ധം തുടങ്ങി. ‘ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം’ എന്ന് പേരിട്ട ഈ ആക്രമണത്തിൽ ഇറാഖ് പൂർണമായും പരാജയപ്പെട്ടു.
- ഇറാഖ് (2003): സദ്ദാം ഹുസൈന്റെ കയ്യിൽ സർവനാശം വിതയ്ക്കുന്ന ആയുധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് 2003-ൽ അമേരിക്കയും ബ്രിട്ടനും ഇറാഖ് ആക്രമിച്ച് കീഴടക്കി. സദ്ദാമിനെ പിന്നീട് തൂക്കിലേറ്റി. എന്നാൽ അത്തരം ആയുധങ്ങൾ ഇറാഖിൽ ഇല്ലായിരുന്നുവെന്നും തങ്ങൾക്ക് ലഭിച്ച വിവരം തെറ്റായിരുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയർ വർഷങ്ങൾക്ക് ശേഷം കുറ്റസമ്മതം നടത്തി.
ഭീകരതയ്ക്കെതിരായ യുദ്ധം
- അഫ്ഗാനിസ്ഥാൻ (2001): 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ സൈനിക നടപടി ആരംഭിച്ചത്. താലിബാൻ ഭരണകൂടത്തെ തുടക്കത്തിൽ അട്ടിമറിച്ചെങ്കിലും വർഷങ്ങൾ നീണ്ട പോരാട്ടമായി അത് മാറി. ഒരു ലക്ഷത്തോളം സൈനികരെ വരെ വിന്യസിച്ചെങ്കിലും പൂർണമായി വിജയിക്കാനാവാതെ ഒടുവിൽ അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറേണ്ടി വന്നു.