Kerala Government News

ആശ്രിത നിയമനം: ജോലിയിൽ പ്രവേശിക്കാൻ ഇനി 6 മാസം വരെ സാവകാശം; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ആശ്രിത നിയമന പ്രകാരം സർക്കാർ ജോലി ലഭിക്കുന്നവർക്ക്, ജോലിയിൽ പ്രവേശിക്കാനുള്ള സമയപരിധി വർധിപ്പിച്ച് സർക്കാർ പുതിയ ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന 30 ദിവസത്തെ സമയപരിധി, ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച് 45 ദിവസം മുതൽ ആറ് മാസം വരെയായാണ് ദീർഘിപ്പിച്ചത്. ഇത് വിദേശത്ത് ജോലി ചെയ്യുന്നവർക്കും ഗവേഷണം നടത്തുന്നവർക്കും ഉൾപ്പെടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണ്.

പി.എസ്.സി വഴി നിയമനം ലഭിക്കുന്നവർക്ക് അനുവദിക്കുന്നതിന് സമാനമായ ഇളവുകളാണ് ഇപ്പോൾ ആശ്രിത നിയമനത്തിനും ബാധകമാക്കിയിരിക്കുന്നത്.

പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഉത്തരവ് പ്രകാരം, നിയമനാധികാരിക്ക് താഴെ പറയുന്ന രീതിയിൽ ജോലിയിൽ പ്രവേശിക്കാൻ കൂടുതൽ സമയം അനുവദിക്കാം:

  • പൊതുവായ സാഹചര്യം: 45 ദിവസം വരെ സാവകാശം അനുവദിക്കാം. ഇത് സീനിയോറിറ്റിയെ ബാധിക്കില്ല.
  • വിദേശത്ത് ജോലി ചെയ്യുന്നവർ: പരമാവധി ആറ് മാസം വരെ സമയം ലഭിക്കും. (അല്ലെങ്കിൽ നിലവിലെ തൊഴിൽ കരാർ അവസാനിച്ച ശേഷം ഒരു മാസം, ഇതിൽ ഏതാണോ ആദ്യം വരുന്നത്).
  • ഇന്ത്യക്കകത്ത് ജോലി ചെയ്യുന്നവർ: 90 ദിവസം (മൂന്ന് മാസം) വരെ സമയം ലഭിക്കും.
  • പഠനം/പരിശീലനം/ബോണ്ട്: കോഴ്സുകൾ, പരിശീലനം, ബോണ്ട് വ്യവസ്ഥയിൽ പഠനം എന്നിവ നടത്തുന്നവർക്ക് ആറ് മാസം വരെ ഇളവ് ലഭിക്കും. ആവശ്യമെങ്കിൽ 45 ദിവസം കൂടി അധികമായി അനുവദിക്കാം.

ജീവനക്കാർക്ക് ആശ്വാസം

വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ ജോലി ചെയ്യുന്നവർക്ക്, നിയമന ഉത്തരവ് ലഭിച്ചാലുടൻ നിലവിലെ ജോലി ഉപേക്ഷിച്ച് 30 ദിവസത്തിനകം പുതിയ ജോലിയിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. നോട്ടീസ് പിരീഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ പലർക്കും ലഭിച്ച ജോലി നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായിരുന്നു. ഈ പ്രതിസന്ധിക്കാണ് പുതിയ ഉത്തരവിലൂടെ പരിഹാരമാകുന്നത്.

അപകടം, രോഗം തുടങ്ങിയ കാരണങ്ങളാൽ 45 ദിവസത്തിൽ കൂടുതൽ സാവകാശം ആവശ്യമുള്ളവർ, ബന്ധപ്പെട്ട ചികിത്സാ രേഖകൾ ഹാജരാക്കണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.