
‘പ്രശാന്തിനെ തിരിച്ചെടുക്കേണ്ട’; ശുപാർശ അട്ടിമറിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഇടപെട്ട് അട്ടിമറിച്ചതായി രേഖകള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയത്. പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കാൻ മുൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി ശുപാർശ ചെയ്തിട്ടും, ഇത് മറികടന്ന് പുതിയ സമിതി രൂപീകരിച്ച് സസ്പെൻഷൻ ആറ് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ജയതിലകിനെതിരെ വിമർശനം ഉന്നയിച്ച ഉദ്യോഗസ്ഥനെതിരെ ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തു എന്ന ആരോപണമാണ് ഇതോടെ ശക്തമാകുന്നത്.
നടപടികളിലെ ‘കളി’
- ഏപ്രിൽ 24: അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷയായ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി, എൻ. പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ നൽകി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വന്ത് സിൻഹയും കെആർ ജ്യോതിലാലുമായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
- അധികാരമാറ്റം: ശാരദ മുരളീധരൻ വിരമിച്ചതിന് പിന്നാലെ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.
- ‘അട്ടിമറി’: പ്രശാന്ത് വിമർശനം ഉന്നയിച്ചത് ജയതിലകിനെതിരെ ആയതിനാൽ, ഈ വിഷയത്തിൽ ജയതിലക് കമ്മിറ്റിക്ക് അധ്യക്ഷത വഹിക്കുന്നത് ഉചിതമല്ലെന്ന് കണ്ട് സർക്കാർ, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ പകരം ചുമതലപ്പെടുത്തി. എന്നാൽ, ഈ ഉത്തരവ് മറികടന്ന് ജയതിലക് തന്നെ അധ്യക്ഷനായ പുതിയ സമിതി രൂപീകരിച്ചു.
- മേയ് 5: ഈ പുതിയ സമിതി യോഗം ചേർന്ന്, പ്രശാന്തിനെ തിരിച്ചെടുക്കാനുള്ള പഴയ ശുപാർശ തള്ളി, സസ്പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ നിർദ്ദേശം പോലും മറികടന്നാണ് ഈ നടപടിയെന്നും, സസ്പെൻഷൻ നീട്ടാൻ ആവശ്യമായ കേന്ദ്ര സർക്കാർ അനുമതി വാങ്ങിയിട്ടില്ലെന്നും വിവരങ്ങളുണ്ട്.
പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നടപടിക്ക് പിന്നാലെ, എൻ. പ്രശാന്ത് ഫേസ്ബുക്കിൽ ചീഫ് സെക്രട്ടറിയെ പരോക്ഷമായി പരിഹസിച്ച് പോസ്റ്റിട്ടു: “സാദാ നിയമബിരുദധാരികളായ നമുക്കൊന്നും മനസ്സിലാക്കാൻ സാധിക്കാത്ത അതിസങ്കീർണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തിൽ ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണ്. ‘ഫേസ്ബുക്കിൽ എന്നെപ്പറ്റി നല്ലതേ എഴുതാവൂ അല്ലെങ്കിൽ സർക്കാർ ചെലവിൽ ഉപദ്രവിക്കും’ എന്ന പ്രത്യേക പവർ.”