കെ. സുധാകരന്‍ പാപ്പരല്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു; 3.43ലക്ഷം രൂപ കെട്ടിവെയ്ക്കണം

കെ. സുധാകരൻ

കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പാപ്പരല്ലെന്ന് തലശ്ശേരി കോടതി. 1998ലെ അപകീര്‍ത്തിക്കേസിനൊപ്പം നല്‍കിയ പാപ്പര്‍ ഹര്‍ജി തളളിയാണ് ഉത്തരവ്. അപകീര്‍ത്തിക്കേസിനൊപ്പം കെട്ടിവെക്കാനുളള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം അടയ്ക്കാനും ഉത്തരവുണ്ട്.

1997 ല്‍ എം.എല്‍.എ കെ. സുധാകരനെ ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇത് അന്യായമാണെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട് സുധാകരന്‍ കോടതിയെ സമീപിച്ചു. മാനനഷ്ടക്കേസിന് കെട്ടിവെയ്‌ക്കേണ്ട 3.43 ലക്ഷം രൂപ ഇല്ലെന്നും താന്‍ പാപ്പരാണെന്നും കാട്ടി പാപ്പര്‍ ഹര്‍ജിയും സമര്‍പ്പിച്ചു.

പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തതോടെ സുധാകരന്റെ ഹര്‍ജി കോടതി അംഗീകരിച്ചു. അനങ്ങാതെ കിടന്ന കേസ് വീണ്ടും സജീവമാകുന്നത് കഴിഞ്ഞ വര്‍ഷം. സുധാകരന് ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നും എം.പി ശമ്പളമുള്‍പ്പെടെ ലഭിക്കുന്നെന്നും വാദിച്ച് സര്‍ക്കാര്‍ കോടതിയിലെത്തി. ഇത് അംഗീകരിച്ചാണ് സുധാകരന്‍ പാപ്പരല്ലെന്ന തലശ്ശേരി അഡീഷണല്‍ സബ് കോടതി ഉത്തരവ്.

അപകീര്‍ത്തിക്കേസിനൊപ്പം കെട്ടിവെക്കേണ്ട 3.43 ലക്ഷം രൂപ 15 ദിവസത്തിനുളളില്‍ അടയ്ക്കണം. ഇപി വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു. ഇതേ സമയത്ത് തന്നെയാണ് പാപ്പര്‍ ഹര്‍ജിക്കെതിരെയും കോടതിയില്‍ പോയത്.

പഴയ കേസുകള്‍ പൊടിതട്ടിയെടുത്ത് സുധാകരനെ ഉന്നം വയ്ക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. ഈയിടെ അനധികൃത സ്വത്ത് സമ്പാദനക്കേസ് സജീവമായപ്പോഴും സുധാകരന്റെ പഴയ പാപ്പര്‍ ഹര്‍ജി ചര്‍ച്ചയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments