Kerala Government News

മെഡിസെപ് കരാർ 3 മാസത്തേക്ക് നീട്ടി; പുതിയ ടെൻഡർ നടപടികൾ വൈകുന്നു

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ നടത്തിപ്പ് കരാർ മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. പുതിയ കരാറുകാരെ കണ്ടെത്തുന്നതിനുള്ള ടെൻഡർ നടപടികൾ വൈകുന്നതിനാലാണ് നിലവിലെ കരാറുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് തന്നെ കാലാവധി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്.

ഓറിയന്റൽ ഇൻഷുറൻസിന്റെ മൂന്ന് വർഷത്തെ കരാർ ഈ മാസം 30-ന് അവസാനിക്കാനിരിക്കെ, ജൂലൈ 1 മുതൽ പുതിയ കരാർ നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ, പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാൻ പോലും വൈകിയ സാഹചര്യത്തിലാണ് നിലവിലെ കരാർ നീട്ടുന്നത്.

മൂന്ന് വർഷം മുൻപ് നിശ്ചയിച്ച നിരക്കിൽ സേവനം തുടരുന്നതിലെ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി, കാലാവധി നീട്ടുന്നതിനോട് കമ്പനി ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, സർക്കാർ തലത്തിൽ നടത്തിയ ചർച്ചകളെയും സമ്മർദ്ദത്തെയും തുടർന്നാണ് കമ്പനി തീരുമാനം അംഗീകരിച്ചത്. പുതിയ കരാർ ക്ഷണിക്കുന്നതിന് മുന്നോടിയായി പദ്ധതിയുടെ വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനായി സർക്കാർ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.