News

സിപി ട്രസ്റ്റിന്റെ ‘നക്ഷത്രത്തിളക്കം’: എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ആദരിക്കും

തൃശ്ശൂർ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ സിപി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു. 2024-25 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സിബിഎസ്ഇ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരെയുമാണ് ‘എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡ് 2025’ നൽകി ആദരിക്കുന്നത്.

‘നക്ഷത്രത്തിളക്കം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജൂൺ എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് മതിലകം പുന്നക്കബസാർ ആർ.എ.കെ പ്ലാസയിലാണ് പുരസ്കാര വിതരണം നടക്കുക.

ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തുന്ന ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ, മൂവായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനും അവരുമായി സംവദിക്കുന്നതിനുമായി പ്രശസ്ത സിനിമാ താരങ്ങളായ റഹ്മാൻ, കാവ്യാ മാധവൻ, രമേഷ് പിഷാരടി എന്നിവരും ചടങ്ങിൽ സന്നിഹിതരാകും.

പ്രതിഭകളായ വിദ്യാർത്ഥികൾക്കൊപ്പം അവരുടെ രക്ഷിതാക്കളെയും ചടങ്ങിൽ ആദരിക്കും. നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്ക് പ്രത്യേക പുരസ്കാരവും നൽകുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സിപി ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് സംഘടിപ്പിക്കുന്നത്.