NewsPolitics

ലക്ഷ്യം സതീശൻ ! നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം മറികടക്കാൻ ബിഗ് ബ്രേക്കിംഗ് – ഒറ്റമൂലിയുമായി പിണറായി

സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം മറികടക്കാൻ എം.വി രാഘവൻ്റെ മകനെ ആശ്രയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.റിപ്പോർട്ടർ ടി.വി യിൽ നിന്ന് പുറത്തിറങ്ങിയ എം.വി നികേഷ് കുമാറിൻ്റെ തന്ത്രങ്ങൾ സർക്കാരിനെ രക്ഷിക്കുമോ എന്നറിയാൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കണം.

യു ഡി എഫിനെതിരെ നിരന്തരം വ്യാജ വാർത്തകൾ സൃഷ്ടിച്ച് ബിഗ് ബ്രേക്കിംഗ് നടത്തുകയാണ് നികേഷിൻ്റെ തന്ത്രങ്ങൾ. രാവിലെ ഒന്ന്, ഉച്ചയ്ക്ക് ഒന്ന് , രാത്രി ഒന്ന് എന്ന രീതിയിൽ ബിഗ് ബ്രേക്കിംഗ് ഉണ്ടാകും. ഡോക്ടർമാർ മരുന്ന് കഴിക്കാൻ നിർദ്ദേശിക്കുന്ന പോലെയാണ് ബിഗ് ബ്രേക്കിംഗുകൾ. മെഡിസിൻ പഠിക്കാത്ത ഡോക്ടർ ആണ് നികേഷ് കുമാർ.ചിന്ത ജെറോം മോഡലിലെ ഡോക്ടറേറ്റും നികേഷിനില്ല. എന്നാലും അദ്ദേഹം ഇപ്പോൾ മൂന്ന് നേരത്തെ ബിഗ് ബ്രേക്കിംഗിലൂടെ ഡോക്ടർ ആയി കഴിഞ്ഞു.മായാവിയാണ് നികേഷ് . സുഹൃത്തുകൾ വഴി മായാവി ബിഗ് ബ്രേക്കിംഗ് നടത്തും.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലാണ് നികേഷ് ഇത്തരം തന്ത്രങ്ങൾ ആദ്യം പയറ്റിയത്. ഫലം വന്നപ്പോൾ ഡോക്ടറുടെയും കൂട്ടാളികളുടെയും തന്ത്രങ്ങൾ ചീറ്റി.റോബർട്ട് ബ്രൂസിനെ പോലെയാണ് നികേഷ് . എത്ര പരാജയപ്പെട്ടാലും നിരാശപ്പെടില്ല. അതുകൊണ്ട് പാലക്കാട്ടെ തന്ത്രങ്ങൾ രാകി മിനുക്കിയാണ് നിലമ്പൂരിൽ പയറ്റുന്നത്.

വി.ഡി സതീശനാണ് ഉന്നം.വേറൊന്നും കൊണ്ടല്ല മാങ്ങയുള്ള മാവിലെ നികേഷ് കല്ലെറിയൂ .നിലപാട് ഉള്ള സതീശനെ വീഴ്ത്തിയില്ലെങ്കിൽ തുടർഭരണം സ്വാഹ ആകുമെന്ന് പിണറായിക്ക് നന്നായറിയാം. മരുമകൻ മുഹമ്മദ് റിയാസിൻ്റെ ഭാവി സതീശൻ ഇല്ലാതാക്കുമോ എന്ന ഭയം ആണ് മുഖ്യമന്ത്രിയെ വേട്ടയാടുന്നത്.

ചെന്നിത്തലയും സുധാകരനും നിലമ്പൂർ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തില്ല എന്നായിരുന്നു അവസാനം ഇറക്കിയ ബിഗ് ബ്രേക്കിംഗ്. ഇരുവരും വിശദീകരിച്ചതോടെ ബിഗ് ബ്രേക്കിംഗിന് പതിവ് പോലെ ആയുസ് ഉണ്ടായില്ല. പുതിയ ബിഗ് ബ്രേക്കിഗുകളുടെ സൃഷ്ടിയിലാണ് ഡോക്ടർ.ഒമ്പത് വർഷം ഭരിച്ചിട്ടും ബിഗ് ബ്രേക്കിഗിനെ ആശ്രയിച്ച് തെരഞ്ഞെടുപ്പ് നേരിടേണ്ട പിണറായിയുടെ അവസ്ഥയാണ് സംസ്ഥാനത്തെ ചർച്ച വിഷയം.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ നികേഷ് പഴയതു പോലെ റിപ്പോർട്ടർ ചാനലിലേക്ക് മടങ്ങി പോകേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം. തോറ്റാൽ ബിഗ് ബ്രേക്കിംഗിനെ മുഖ്യമന്ത്രി കൈവിടും എന്നാണ് ഡൽഹി കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ പഴയ ഉപദേശി അടുത്ത വൃത്തങ്ങളോട് പറയുന്നത്. പഴയ ഉപദേശിക്ക് അസൂയ ആണെന്ന് മറുപക്ഷം. ഡോക്ടർ വീണ്ടും തട്ടിൻ പുറത്ത് കയറുമോ എന്ന കാത്തിരുന്ന് കാണാം.