FootballSports

നെയ്മറിന് തിരിച്ചടി; പന്ത് കൈകൊണ്ട് വലയിലിട്ടതിന് ചുവപ്പുകാർഡ്, സാന്റോസിന് തോൽവി

സാവോ പോളോ: ബ്രസീലിയൻ സീരി എയിൽ ബോട്ടാഫോഗോയ്ക്കെതിരായ മത്സരത്തിൽ പന്ത് കൈകൊണ്ട് വലയിലിടാൻ ശ്രമിച്ചതിന് സൂപ്പർതാരം നെയ്മറിന് ചുവപ്പുകാർഡ് ലഭിച്ചു. മത്സരത്തിൽ ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിൽ അദ്ദേഹത്തിന്റെ ടീമായ സാന്റോസ് എതിരില്ലാത്ത ഒരു ഗോളിന് തോൽക്കുകയും ചെയ്തു.

മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു നെയ്മറിന് ചുവപ്പ് കാർഡ് ലഭിച്ച് പുറത്തേക്ക് പോകേണ്ടി വന്നത്. ഗോൾ നേടാനുള്ള ശ്രമത്തിനിടെ ബോധപൂർവം പന്ത് കൈകൊണ്ട് വലയിലേക്ക് തട്ടിയിട്ടതിന് റഫറി നെയ്മറിന് രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പുകാർഡും നൽകുകയായിരുന്നു. ഗോൾ അനുവദിച്ചതുമില്ല.

നീണ്ടകാലത്തെ പരിക്കിൽ നിന്ന് അടുത്തിടെ മാത്രം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ 32-കാരനായ നെയ്മറിന് ഈ സീസണിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം ഏഴ് മത്സരങ്ങൾ നഷ്ടമായ താരത്തിന് കളിച്ച നാല് മത്സരങ്ങളിലും ഗോളോ അസിസ്റ്റോ നേടാനായിട്ടില്ല.

2023 ഒക്ടോബറിൽ ദേശീയ ടീമിനായി കളിക്കുമ്പോൾ സംഭവിച്ച എ.സി.എൽ, മെനിസ്‌കസ് പരിക്കുകളിൽ നിന്ന് മുക്തനായി കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സാന്റോസിനായി കളത്തിലിറങ്ങിയെങ്കിലും തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് തിരിച്ചെത്താൻ നെയ്മറിന് സാധിച്ചിട്ടില്ല. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മറിന് ഈ സംഭവം കനത്ത തിരിച്ചടിയാണ്.

ഈ ചുവപ്പുകാർഡ് നെയ്മറുടെ അന്താരാഷ്ട്ര മോഹങ്ങൾക്കും മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസലോട്ടിയുടെ കീഴിലിറങ്ങിയ ആദ്യ ബ്രസീൽ ടീമിൽ നിന്ന് പുറത്തായ നെയ്മറിന് ഇനിയൊരു തിരിച്ചുവരവിനുള്ള സാധ്യതകൾ ഇതോടെ കൂടുതൽ ദുഷ്‌കരമായി.

ജൂൺ 5ന് ഇക്വഡോറിനും ജൂൺ 10ന് പരാഗ്വേയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിലേക്ക് കാസെമിറോ, റിച്ചാർലിസൺ, ആന്റണി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെയാണ് ആൻസലോട്ടി തിരികെ വിളിച്ചത്.

അതേസമയം, ബോട്ടാഫോഗോയ്ക്കെതിരായ തോൽവി സാന്റോസിനും കനത്ത ആഘാതമാണ്. ആർതർ വിക്ടർ ഗ്വിമാരെസ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് സന്ദർശകർ വിജയം സ്വന്തമാക്കിയത്. ഈ ഫലത്തോടെ 11 കളികൾ പൂർത്തിയായപ്പോൾ ലീഗ് ടേബിളിൽ 18-ാം സ്ഥാനത്തുള്ള സാന്റോസ് തരംതാഴ്ത്തൽ ഭീഷണിയിലാണ്. ക്ലബ്ബിന് ഇത് ഏറെ പ്രയാസമേറിയ ഒരു സീസണായി മാറുകയാണ്.

English summery : Neymar shown red card for trying to score with his hand vs Botafogo. Santos forward, Neymar Jr, received a second booking for a blatant handball as they lost 1-0 to Botafogo on Sunday. Neymar was shown the red card in the 76th minute of the Brazilian Serie A game.