HealthNews

കേരളത്തിൽ വീണ്ടും കോവിഡ് മരണം; 24-കാരി മരിച്ചു, ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 24 വയസ്സുള്ള യുവതിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 59 വയസ്സുള്ള ഒരാളും മരണപ്പെട്ടിരുന്നു.

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവിൽ 1,336 സജീവ കേസുകളാണ് (ആക്ടീവ് കേസുകൾ) സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധന രേഖപ്പെടുത്തുന്നുണ്ട്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ (ഇന്ന് രാവിലെ 8 മണി വരെയുള്ള കണക്ക് പ്രകാരം) 363 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കാലയളവിൽ 131 പേർ രോഗമുക്തി നേടി. നിലവിൽ രാജ്യത്താകെ 3,758 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. കേരളത്തിലാണ് രാജ്യത്തെ ഏറ്റവും കൂടുതൽ സജീവ കോവിഡ് കേസുകളുള്ളത്. മഹാരാഷ്ട്രയിലും ഈ വർഷം ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, നിലവിലുള്ള വാക്സിനുകൾ കോവിഡിനെതിരെ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗവും മറ്റ് ഗുരുതര രോഗങ്ങളുള്ളവരോ പ്രായമായവരോ ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത തുടരണമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.