
“ഇത് പ്രവർത്തകരെ തളർത്തും”: നിലമ്പൂരിലെ ബിജെപി ‘ഒളിച്ചോട്ട’ നീക്കത്തിനെതിരെ വ്യാപക വിമർശനം
ഓർഗനൈസർ മുൻ അസോസിയേറ്റ് എഡിറ്ററുടെ കുറിപ്പ് ചർച്ചയാകുന്നു
നിലമ്പൂർ: വരാനിരിക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) മത്സരിക്കേണ്ടതില്ലെന്ന തരത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിലപാട് എടുത്തെന്ന വാർത്തകൾക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറി’ന്റെ മുൻ അസോസിയേറ്റ് എഡിറ്റർ അരുൺ ലക്ഷ്മൺ.
തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും ഇത് പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.
കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികളായ എൽഡിഎഫും യുഡിഎഫും തങ്ങളുടെ സ്ഥാനാർത്ഥികളെ നിലമ്പൂരിൽ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ വൈകുന്നത് എന്തുകൊണ്ടാണെന്ന് അരുൺ ലക്ഷ്മൺ തൻ്റെ കുറിപ്പിൽ ചോദിക്കുന്നു. “പാർട്ടിയുടെ പ്രധാന ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പാണ്.
നിലമ്പൂർ വിഷയത്തിൽ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. ബിജെപിക്ക് ഇതുവരെ ജയിക്കാൻ കഴിയാത്ത, ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലമാണ് നിലമ്പൂർ. വെറും ഏഴു മാസത്തേക്ക് മാത്രമാണ് എംഎൽഎയെ തിരഞ്ഞെടുക്കുന്നത്. ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് ഒരു എംഎൽഎയ്ക്ക് എന്ത് ചെയ്യാൻ സാധിക്കും? ഈ ഘടകങ്ങളെല്ലാം പാർട്ടി പരിഗണിക്കും. പാർട്ടി സ്ഥാനാർഥി, എൻഡിഎ സ്ഥാനാർഥി, സ്വതന്ത്ര സ്ഥാനാർഥി എന്നിങ്ങനെ വിവിധ സാധ്യതകൾ പരിഗണനയിലുണ്ട്.
മത്സരിക്കാൻ വേണ്ടി മാത്രമല്ല, ജയിക്കാൻ വേണ്ടിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബിഡിജെഎസ് മുൻപ് നിലമ്പൂരിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം എൻഡിഎ ചർച്ച ചെയ്ത് തീരുമാനമെടുക്കും” എന്ന രാജീവ് ചന്ദ്രശേഖറിൻ്റെതായി പുറത്തുവന്ന നിലപാടിനെയാണ് അരുൺ ലക്ഷ്മൺ നിശിതമായി വിമർശിച്ചത്.
ഇത്തരം നിലപാട് അങ്ങേയറ്റം നിരാശാജനകവും ജനാധിപത്യ വിരുദ്ധവുമാണെന്ന് അരുൺ ലക്ഷ്മൺ ചൂണ്ടിക്കാട്ടി. വർഷങ്ങളായി നിരവധി പ്രവർത്തകരുടെയും അനുഭാവികളുടെയും ത്യാഗത്തിന്റെയും ജീവത്യാഗത്തിന്റെയും ഫലമായാണ് ബിജെപി ഇന്നത്തെ നിലയിൽ വളർന്നതെന്നും, ഈ വളർച്ച യാദൃശ്ചികമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2016ലെ നേമം നിയമസഭാ മണ്ഡലത്തിലെ വിജയവും 2024ലെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വിജയവും ഈ കഠിനാധ്വാനത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഫലമാണ്.
ദശാബ്ദങ്ങളായി സംഘപരിവാർ പ്രവർത്തകർ നടത്തിയ ത്യാഗങ്ങളെ തള്ളിക്കളയുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെയും അദ്ദേഹത്തിന്റെ ഉപദേശകരുടെയും നിലപാടെന്നും, നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന തീരുമാനം ജനാധിപത്യ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും അരുൺ ലക്ഷ്മൺ തൻ്റെ കുറിപ്പിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കും. തിരഞ്ഞെടുപ്പ് കാലാവധി എത്ര ചെറുതാണെങ്കിലും, പാർട്ടി അതിൽ സജീവമായി പങ്കാളിയാകുമ്പോഴാണ് ജനപിന്തുണ ആർജ്ജിക്കാൻ സാധിക്കുക. ഒളിച്ചോടുന്നത് പാർട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. തിരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ഒരു രാഷ്ട്രീയ പാർട്ടിയുടെ ലക്ഷ്യമെന്നും, മറിച്ച് സംഘടന മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ പ്രചാരണം കൂടിയാണ് തിരഞ്ഞെടുപ്പിലൂടെ സാധ്യമാകുന്നതെന്നും അരുൺ ലക്ഷ്മൺ കൂട്ടിച്ചേർത്തു. ഈ വിഷയങ്ങളിൽ രാജീവ് ചന്ദ്രശേഖർ വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.