News

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി. കെപിസിസി സമർപ്പിച്ച പേര് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകരിച്ചു. നാളെ മുതല്‍ പ്രചാരണ പ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു.

കൊച്ചിയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ നേതാക്കളുടെ നിര്‍ണായക യോഗം ചേർന്നാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ വീണ്ടും യോഗം ചേർന്ന ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു.

മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയിയെ സ്ഥാനാർത്ഥിയാകണമെന്ന പിവി അൻവറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ചാണ് കേരളാ ഘടകം ആര്യാടൻ ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന് നൽകിയത്.

ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകളാണ് ഉയര്‍ന്നുവന്നതെങ്കിലും ഷൗക്കത്തിനുതന്നെയായിരുന്നു മുന്‍ഗണന. അൻവർ തിങ്കളാഴ്ച വീണ്ടും ഇടഞ്ഞുനിന്നതോടെയാണ് കളമശ്ശേരിയിൽ നിർണായക യോഗം ചേർന്നത്.