CricketSports

വാക്കുപാലിച്ച് BCCI; മികവ് തെളിയിച്ചവർക്ക് അവസരം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടെസ്റ്റ് ടീം പ്രഖ്യാപനം ഒടുവിൽ പുറത്തുവന്നു. രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും വിരമിക്കലിന് ശേഷമുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ പുതുയുഗത്തിന് തുടക്കമിട്ട്, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുവ ഓപ്പണർ ശുഭ്മാൻ ഗിൽ ടീമിനെ നയിക്കുമ്പോൾ, ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ തിരഞ്ഞെടുപ്പിൽ, സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളും പരിചയസമ്പന്നരായ കളിക്കാരും ഒരുപോലെ ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് ശേഷം, ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന് പ്രാധാന്യം നൽകുമെന്ന ബി.സി.സി.ഐയുടെ പ്രഖ്യാപിത നയം പുതിയ ടീം തിരഞ്ഞെടുപ്പിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. രഞ്ജി ട്രോഫിയിൽ ഈ സീസണിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 53.93 ശരാശരിയിൽ 863 റൺസ് നേടിയ കരുൺ നായർ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി.

വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ച കരുൺ, ഐ.പി.എല്ലിൽ ഈ സീസണിലെ തിരിച്ചുവരവ് മത്സരത്തിലും ശ്രദ്ധേയനായിരുന്നു.

ഓൾറൗണ്ടർ ഷാർദൂൽ താക്കൂർ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും രഞ്ജി ട്രോഫിയിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിന്റെ (9 മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റുകളും 505 റൺസും) പിൻബലത്തിൽ ടീമിലിടം നേടി. ഓസ്ട്രേലിയൻ മണ്ണിൽ മികച്ച റെക്കോർഡുണ്ടായിട്ടും കഴിഞ്ഞ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഷാർദൂലിനെ പരിഗണിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഈ സീസണിൽ തുടർച്ചയായി നാല് സെഞ്ചുറികൾ നേടിയ അഭിമന്യു ഈശ്വരനും ടീമിന്റെ ഭാഗമായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 101 മത്സരങ്ങളിൽ നിന്ന് 49 ശരാശരിയിൽ 7674 റൺസ് നേടിയിട്ടുള്ള താരമാണ് അഭിമന്യു.

ഐ.പി.എല്ലിൽ ഈ സീസണിലെ ഓറഞ്ച് ക്യാപ്പ് പോരാട്ടത്തിൽ മുന്നിലുള്ള സായ് സുദർശൻ (13 മത്സരങ്ങളിൽ നിന്ന് 638 റൺസ്, 53 റൺസ് ശരാശരി) ടീമിലെത്തിയ മറ്റൊരു ശ്രദ്ധേയ താരമാണ്. ടി20 ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളും ഏകദിനത്തിൽ ലഭിച്ച അവസരം മുതലാക്കിയതും ഈ ഐ.പി.എല്ലിലെ മികച്ച പ്രകടനവും പേസർ അർഷ്ദീപ് സിങ്ങിന് ടെസ്റ്റ് ടീമിലേക്കുള്ള ആദ്യ അവസരം ഒരുക്കി.

ശുഭ്മാൻ ഗില്ലിന്റെ നായകത്വത്തിൽ അടിമുടി മാറ്റങ്ങളോടെ ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീമിന്റെ പ്രകടനത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ന്യൂസിലൻഡിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പര തോൽവികൾക്ക് ശേഷം ഒരു പുതിയ തുടക്കം കുറിക്കാൻ യുവനിരയ്ക്ക് കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.