News

റീൽസ് തുടരുമെന്ന് പി.എ. മുഹമ്മദ് റിയാസ്; ദേശീയപാതയുടെ ഉത്തരവാദിത്തം കേന്ദ്രത്തിനെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമ്മാണത്തിന്റെ പൂർണ ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോറിറ്റിക്കാണെന്നും (എൻ.എച്ച്.എ.ഐ) ഗുണനിലവാരം പരിശോധിക്കേണ്ടത് അവരാണെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

എന്നാൽ, പദ്ധതി യാഥാർത്ഥ്യമാക്കാൻ 1190 ഹെക്ടർ ഭൂമി ഏറ്റെടുത്ത് നൽകിയതും ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനമായ 5560 കോടി രൂപ ചെലവഴിച്ചതും കേരള സർക്കാരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തിന് മുതൽമുടക്കില്ലെന്ന പ്രചാരണം തെറ്റാണ്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ സമൂഹമാധ്യമങ്ങളിൽ റീൽസ് ചെയ്യുന്നത് തുടരുമെന്നും എത്ര വിമർശനമുണ്ടായാലും അതിൽ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെടുകാര്യസ്ഥതയും തമ്മിലടിയും കാരണം പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് എൽ.ഡി.എഫ് സർക്കാർ പുനരുജ്ജീവിപ്പിച്ച് യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി ആരോപിച്ചു. പദ്ധതി തിരികെ കൊണ്ടുവരുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. എന്നാൽ, സാധ്യമാകുന്ന കാര്യങ്ങൾ പറയുകയും പറയുന്നത് നടപ്പിലാക്കുകയും ചെയ്യുന്ന സർക്കാരാണ് എൽ.ഡി.എഫ് എന്ന് അവർ മറന്നുപോയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാർ നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനത്തെ ഒരക്ഷരം കൊണ്ടുപോലും അഭിനന്ദിക്കാതെ യു.ഡി.എഫും ബി.ജെ.പിയും സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പങ്കെന്താണെന്ന് ചോദിക്കുന്നവർക്ക് മുൻപ് പലതവണ മറുപടി നൽകിയിട്ടുള്ളതാണ്. ഇത് മനസ്സിലാക്കാത്തതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ മാത്രമാണ്. 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പാത യാഥാർത്ഥ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളികളുടെ സ്വപ്‌ന പദ്ധതിയായ ദേശീയപാതയുടെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ നടക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ മുൻനിർത്തി പദ്ധതിയെ ആകെ തകർക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നതെന്ന് മന്ത്രി ആരോപിച്ചു. അത്തരം ശ്രമങ്ങൾ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ എന്നും പി.എ. മുഹമ്മദ് റിയാസ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.