
ദേശീയപാത നിർമാണം: പൂർണനിയന്ത്രണം കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി; പ്രശ്നങ്ങള്‍ എല്‍ഡിഎഫിന്റെ തലയില്‍ ഇടാന്‍ ശ്രമം’
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമ്മാണത്തിന്റെ പൂർണനിയന്ത്രണം കേന്ദ്രസർക്കാരിനാണെന്നും നിലവിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ എൽ.ഡി.എഫ് സർക്കാരിനെ പഴിചാരാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
എൽ.ഡി.എഫിന് ഇക്കാര്യത്തിൽ ഒരു ആശങ്കയുമില്ലെന്നും കണ്ടെത്തിയ വീഴ്ചകൾ പരിഹരിച്ച് നിർമ്മാണം മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിഴവുകളുടെ പേരിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊല്ലത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ദേശീയപാതയിലെ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി. യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയ ലാഭം കൊയ്യാനായി ശ്രമിക്കുകയാണെന്നും യു.ഡി.എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് പദ്ധതികൾ വൈകാൻ മുൻപ് കാരണമായതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ദേശീയപാത വികസനത്തിനായി 5,560 കോടി രൂപ സംസ്ഥാനം ചെലവഴിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ പങ്ക് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരിലെ മഴവിൽ മുന്നണി സമരത്തെ അതിജീവിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോയതെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാമൂഹിക മാധ്യമങ്ങളിൽ റീൽസ് ചെയ്യുന്നത് തുടരുമെന്നും ദേശീയപാത വികസനത്തിൽ കേരളത്തിന്റെ പങ്ക് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ദേശീയപാത നിർമ്മാണം പൂർണമായും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.എ.ഐ) മേൽനോട്ടത്തിലാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചു. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് മികച്ച രീതിയിൽ മേൽനോട്ടം വഹിച്ചിട്ടുണ്ടെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റും മെറിറ്റും എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇതിനിടെ, മലപ്പുറം കൂരിയാട് ദേശീയപാതയുടെ ഭാഗം ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കേന്ദ്രസർക്കാർ കർശന നടപടി സ്വീകരിച്ചു. നിർമ്മാണക്കമ്പനിയായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനെയും ഡി.പി.ആർ കൺസൾട്ടന്റ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ്ങിനെയും തുടർകരാറുകളിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇരു കമ്പനികൾക്കും ഇനി ദേശീയപാതയുമായി ബന്ധപ്പെട്ട പുതിയ കരാറുകളിൽ പങ്കെടുക്കാനാവില്ല.