News

നാലാം വാർഷിക ചെലവ് 500 കോടി കടക്കും! തൃശൂരിലെ മുഖ്യമന്ത്രിയുടെ പരസ്പരം പരിപാടി ചെലവ് 1 കോടി; 32 ലക്ഷം അനുവദിച്ചു

സർക്കാരിൻ്റെ നാലാം വാർഷികത്തിന് തൃശൂരിൽ വച്ച് നടത്തിയ പരസ്പരം – 2025 എന്ന പരിപാടിയുടെ നടത്തിപ്പുകാർക്ക് പ്രാഥമിക ചെലവായി 32 ലക്ഷം രൂപ അനുവദിച്ചു. അന്തിമ കണക്കെടുക്കുമ്പോൾ ചെലവ് 1 കോടി കടക്കും.കേരള ലളിത കലാ അക്കാദമിയായിരുന്നു പരിപാടിയുടെ നടത്തിപ്പുകാർ.

പരിപാടിയുടെ നടത്തിപ്പിന് സാംസ്കാരിക ഡയറക്ടറേറ്റ് 20 ലക്ഷം ലളിത കലാ അക്കാദമിക്ക് നൽകി. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം , കേരള സംഗീത നാടക അക്കാദമി എന്നിവർ 4 ലക്ഷം രൂപ വീതം പരിപാടി നടത്താൻ ലളിത കലാ അക്കാദമിക്ക് നൽകി.2300 പേർക്ക് കുശാലായ ഭക്ഷണവും പരസ്പരം ബാഗും സംഘാടകർ നൽകി.

തൃശൂരിൽ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക വകുപ്പ് പരിപാടിയായ പരസ്പരം സിനിമ പോലെ സെറ്റിട്ട പരിപാടിയാക്കിയാണ് നടത്തിയത് എന്നാണ് വിവരം. എഴുത്തുകാരനായ സാംസ്കാരിക വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഉന്നതൻ ആണ് ചോദ്യവും ഉത്തരവും തയ്യാറാക്കിയത്. മേമ്പൊടിക്ക് ” പരസ്പരം ചിരിക്കണം” എന്ന ഗാനവുമായി സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ മുൻനിരയിൽ നിറഞ്ഞ് നിന്നു.

ഖജനാവ് കാലിയാണെങ്കിലും 500 കോടിയോളം രൂപ മുടക്കിയാണ് സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നത്. ഓരോ വകുപ്പും 5 ലക്ഷം വീതം വാർഷികം ആഘോഷിക്കാൻ നൽകണമെന്നാണ് ഉത്തരവെങ്കിലും സാംസ്കാരിക ഡയറക്ടറേറ്റ് പരിപാടിക്ക് നൽകിയത് അതിൻ്റെ നാലിരട്ടിയായ 20 ലക്ഷം രൂപയാണ്. കൂടാതെ വകുപ്പിന് കീഴിലെ അക്കാദമികളുടെ ഫണ്ടിൽ നിന്നും പണം അനുവദിപ്പിച്ചു. നാലാം വാർഷിക ചെലവിൻ്റെ അന്തിമ കണക്ക് പുറത്ത് വരുമ്പോൾ ചെലവ് 500 കോടി കവിയും എന്ന് വ്യക്തം.