Kerala Government News

ജോലിഭാരം ഒന്ന് ശമ്പളം രണ്ട്; കെ.എ.എസിന് തുല്യമാക്കുമോ അണ്ടർ സെക്രട്ടറിയുടെ ശമ്പളം? മുഖമടച്ച് മറുപടി നൽകി കെ.എൻ. ബാലഗോപാല്‍

കെ.എ.എസ് - പിണറായിയുടെ സ്വന്തം അപ്പൂസ്; അണ്ടർ സെക്രട്ടറിക്കും ഡെപ്യൂട്ടി കളക്ടർക്കും തുല്യ ജോലിയായ കെ.എ.എസിന്റെ ശമ്പളം അനുവദിക്കുന്നതിനെക്കുറിച്ച് ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ഒരേ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വ്യത്യസ്ത ശമ്പളമോ? തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്നാണ് സുപ്രീം കോടതി വിധി. എന്നാൽ ഇതൊന്നും കേരളത്തിന് ബാധകമല്ല എന്നതാണ് സ്ഥിതി. കെ.എ.എസ് ഉദ്യോഗസ്ഥരുടെ സമാന തസ്തികളാണ് അണ്ടർ സെക്രട്ടറിയും, ഡെപ്യൂട്ടി കളക്ടറും.

അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി കളക്ടർ, അതു പോലുള്ള സമാന തസ്തികകളിൽ നിന്നും കുറെ തസ്തികകൾ വെട്ടി മാറ്റിയാണ് കെ.എ.എസ് രൂപീകരിച്ചത്. അണ്ടർ സെക്രട്ടറിയുടേയും ഡെപ്യുട്ടി കളക്ടറുടേയും ശമ്പള സ്‌കെയിൽ 63,700- 1,23,700 ആണ്. എന്നാൽ സമാന തസ്തികയായ കെ.എ.എസിന് ലഭിക്കുന്നത് ഉയർന്ന ശമ്പള സ്‌കെയിലും.

77,200 – 1,40,500 ആണ് കെ.എ.എസിന്റെ ശമ്പള സ്‌കെയിൽ. തുല്യ ജോലിക്ക് തുല്യ വേതനം എന്ന സുപ്രീം കോടതി വിധിക്ക് എതിരാണിത്. ഇത് സംബന്ധിച്ച് നിയമസഭയിൽ എൻ. ഷംസുദ്ദീൻ എംഎൽഎ ധനമന്ത്രി കെ.എൻ. ബാലഗോപാലിനോട് ചോദ്യം ഉന്നയിച്ചിരുന്നു. കെ.എ.എസ് ഉദ്യോഗസ്ഥരുടേത് ന്യായമായ ശമ്പള സ്‌കെയിൽ ആണെന്നാണ് ധനമന്ത്രിയുടെ മറുപടി.

KN Balagopal Assembly Reply

സമാന തസ്തികകളുടെ ശമ്പള സ്‌കെയിൽ കെ.എ.എസിനോടൊപ്പം ഉയർത്തുന്നത് പരിഗണനയിൽ ഇല്ലെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. കെ.എ.എസ് ഉദ്യോഗസ്ഥരേക്കാൾ ജോലിയിൽ വളരെ സീനിയർ ആണ് ഡെപ്യൂട്ടി കളക്ടറും അണ്ടർ സെക്രട്ടറിയും. സമാന തസ്തിക ആയിട്ടും രണ്ട് തരം ശമ്പള സ്‌കെയിൽ എന്നത് തീർത്തും അനീതിയാണ്.

ഒന്നെങ്കിൽ കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിൽ അണ്ടർ സെക്രട്ടറിയുടേതാക്കണം. അല്ലെങ്കിൽ അണ്ടർ സെക്രട്ടറിയുടെ ശമ്പള സ്‌കെയിൽ കെ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പള സ്‌കെയിലേക്ക് ഉയർത്തണം. പിണറായി മുഖ്യമന്ത്രിയായതിനു ശേഷം രൂപീകരിച്ച സർവീസാണ് കെ.എ എസ്. പിണറായിയുടെ സ്വന്തം അപ്പൂസാണ് കെ.എ.എസ്. അതുകൊണ്ട് തന്നെ ഇങ്ങനൊരു മറുപടി ബാലഗോപാൽ തന്നില്ലെങ്കിലേ അൽഭുതപ്പെടാനുള്ളൂ.