News

റബ്ബർ ടാപ്പിംഗിന് പോയ ആളെ കടുവ കൊന്നു

കാളികാവ്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ റബ്ബർ ടാപ്പിംഗിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ (55) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടിലെ റാവുത്തൻകാവ് ഭാഗത്ത് സ്ലോട്ടർ ടാപ്പിംഗ് നടക്കുന്ന തോട്ടത്തിലാണ് സംഭവം നടന്നത്.

ഇന്ന് രാവിലെ ആറരയോടെ റബ്ബർ ടാപ്പിംഗിനായി പോയ അബ്ദുൽ ഗഫൂറിനെ കടുവ ആക്രമിക്കുകയായിരുന്നു. കടുവ കടിച്ച് വലിച്ചിഴയ്ക്കുന്നത് കൂടെയുണ്ടായിരുന്നയാൾ കണ്ടതായി പോലീസിന് മൊഴി നൽകി. മുണ്ട് അഴിഞ്ഞുപോയ നിലയിൽ ഏതാണ്ട് നഗ്നമായ അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കടുവയുടെ ആക്രമണമാണ് മരണകാരണമെന്ന് പോലീസിൻ്റെ പ്രാഥമിക നിഗമനത്തിൽ പറയുന്നു. ഈ പ്രദേശത്ത് ഇതിനു മുൻപും നിരവധി ആടുകളെ കടുവ പിടിച്ചിട്ടുണ്ട്.

സംഭവസ്ഥലത്ത് സൗത്ത് ഡിഎഫ്ഒ ധനിത് ലാൽ, ഡിവൈഎസ്പി സാജു.കെ അബ്രഹാം എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വനപാലക സംഘം ഉടൻതന്നെ കാളികാവിൽ എത്തും. കടുവയെ പിടികൂടാനായി സ്ഥലത്ത് ക്യാമറകളും കൂടുകളും സ്ഥാപിക്കുമെന്നും, ആവശ്യമെങ്കിൽ കുങ്കിയാനകളെ എത്തിച്ച് വിശദമായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, കടുവയുടെ ആക്രമണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മരിച്ച അബ്ദുൽ ഗഫൂറിൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.