News

ക്ഷേമപെൻഷൻ: ബാലഗോപാൽ പ്രഖ്യാപിച്ചിട്ടും ഉത്തരവിറങ്ങിയില്ല

തിരുവനന്തപുരം: ക്ഷേമപെൻഷൻ കുടിശികയുടെ ഒരു ഗഡുകൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിട്ടും ഉത്തരവിറക്കാതെ ധനവകുപ്പ്. ഏപ്രിൽ 24നാണ് മെയ് മാസത്തെ പെൻഷനോടൊപ്പം ഒരു ഗഡു കുടിശിക കൂടി കൊടുക്കുമെന്ന് ബാലഗോപാൽ പ്രഖ്യാപിച്ചത്.

എന്നാൽ 20 ദിവസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച യാതൊരു ഉത്തരവും ധനവകുപ്പിൽ നിന്ന് ഇറങ്ങിയിട്ടില്ല. ബാലഗോപാലിന്റെ പ്രഖ്യാപനം വിശ്വസിച്ച് ക്ഷേമ പെൻഷൻ പ്രതീക്ഷിച്ചിരിക്കുന്ന പാവപ്പെട്ടവർ നിരാശയിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച് അന്വേഷണങ്ങൾ ധനവകുപ്പിൽ എല്ലാദിവസവും എത്തുന്നതോടുകൂടി ജീവനക്കാരും പൊറുതിമുട്ടിയിരിക്കുകയാണ്.

ഉത്തരവ് എന്ന് ഇറക്കണമെന്ന നിർദേശം ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിക്കാത്തതാണ് ഉത്തരവ് വൈകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിൽ മൂന്ന് ഗഡു ക്ഷേമപെൻഷൻ കുടിശികയാണ്. 4800 രൂപവീതം ഓരോ ക്ഷേമപെൻഷൻകാർക്കും സർക്കാരിൽ നിന്ന് ലഭിക്കാനുണ്ട്.

മെയ് മാസത്തെ പെൻഷനോടൊപ്പം ഒരു ഗഡു കുടിശിക കൊടുക്കാൻ 1800 കോടി രൂപയോളം വേണ്ടിവരുമെന്നാണ് ധനമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നത്. ഓരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിന് വേണ്ടിയുള്ള സർക്കാർ നീക്കങ്ങൾ നടക്കുന്നില്ല എന്നാണ് സെക്രട്ടേറിയേറ്റ് വൃത്തങ്ങൾ പറയുന്നത്.

ഈ പ്രഖ്യാപനത്തിന് ശേഷം 3000 കോടിയോളം രൂപ സർക്കാർ കടമെടുത്തിരുന്നു. ക്ഷേമപെൻഷൻ നൽകാനാണ് സർക്കാർ കടമെടുത്തതെന്നായിരുന്നു പ്രചാരണം. എന്നാൽ ഈ തുക വകമാറ്റി മറ്റ കാര്യങ്ങൾക്കായി ചെലവഴിച്ചതാണ് ഉത്തരവ് വൈകുന്നതിന് കാരണം.

മെയ്മാസത്തില്‍ ക്ഷേമപെൻഷൻ കുടിശിക നല്‍കുമെന്നുള്ള ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് 3 തരം കുടിശികയാണ് സർക്കാരിന് മുന്നിൽ ഉള്ളത്. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ കൊടുക്കാനുള്ള കോടികൾ ചുവടെ:

  • പെൻഷൻ കമ്പനി 20000 കോടി
  • ക്ഷേമ പെൻഷൻ കുടിശിക 2700 കോടി
  • ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നവർക്കുള്ള ഇൻസെന്റീവ് 20.7 കോടി

ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ ബാദ്ധ്യത 22720.7 കോടിയായി ഉയർന്നു എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഈ സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ബാദ്ധ്യത ഇനിയും ഉയരും.