News

ഇന്ത്യ പാകിസ്താനുനേരെ പ്രത്യാക്രമണം ആരംഭിച്ചു

ജമ്മു/ന്യൂഡൽഹി: ജമ്മുവിലും പഞ്ചാബിലുമായി പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന്, കനത്ത തിരിച്ചടി ആരംഭിച്ച് ഇന്ത്യ. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ ഒരു എഫ്-16 വിമാനവും രണ്ട് ജെഎഫ്-17 വിമാനങ്ങളും വെടിവെച്ചിട്ടു. പാകിസ്താൻ വ്യോമസേനയുടെ പ്രധാന താവളമായ സർഗോധ വ്യോമത്താവളത്തിൽനിന്നാണ് എഫ് 16 വിമാനം ഇന്ത്യയെ ആക്രമിക്കാൻ ലക്ഷ്യമിട്ട് പറന്നുയർന്നത്. സർഗോധയ്ക്ക് സമീപം വച്ചുതന്നെ ഇന്ത്യയുടെ സാം പ്രതിരോധ സംവിധാനം യുദ്ധവിമാനം തകർക്കുകയായിരുന്നു.

പാക് തലസ്ഥാനത്ത് ഇന്ത്യൻ മിസൈലുകൾ; ഇസ്ലമബാദിലും ലാഹോറിലും വ്യോമാക്രമണം നടത്തി ഇന്ത്യ.

ഇന്ത്യയെ ആക്രമിക്കാന്‍ അയച്ച യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ച് പാകിസ്താന്‍. തങ്ങളുടെ രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ ആണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്. മാത്രമല്ല പാകിസ്താന്റെ ഈസ്റ്റേണ്‍ കോറിഡോര്‍ മേഖലയില്‍ കനത്ത നാശം ഇന്ത്യയുടെ പ്രത്യാക്രമണത്തിലുണ്ടായി എന്നും ഡിജിഐഎസ്പിആര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ജമ്മു കശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് പാകിസ്താന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്.

ജമ്മു കശ്മീരിലെ ഉധംപൂരിലും രാജസ്ഥാനിലെ ജയ്സാൽമീറിലും ഡ്രോൺ ആക്രമണങ്ങൾ തടയുകയും അഖ്‌നൂരിൽ ഒരു ഡ്രോൺ വെടിവെച്ചിടുകയും ചെയ്തു. പൂഞ്ചിൽ രണ്ട് കാമികേസ് ഡ്രോണുകളും വെടിവെച്ചിട്ടു. വലിയ തോതിലുള്ള പ്രകോപനത്തിൽ, പാകിസ്ഥാൻ ജമ്മുവിലെ വിമാനത്താവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്തി. വ്യാഴാഴ്ച രാത്രി അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ജമ്മുവിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടു.

ഒരു ഡ്രോൺ ജമ്മു സിവിൽ എയർപോർട്ടിൽ പതിച്ചതിനെ തുടർന്ന് പ്രതികരണമായി യുദ്ധവിമാനങ്ങൾ ഉടൻ പുറപ്പെട്ടു. ഇന്ത്യ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കുകയും, വരുന്ന റോക്കറ്റുകളെ വിജയകരമായി തടയുകയും ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരം ജമ്മു കശ്മീരിലെ കുപ്വാര, ബാരാമുള്ള, പൂഞ്ച്, സാമ്പ, ഉറി ജില്ലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ ഷെല്ലാക്രമണം നടത്തുകയും ചെയ്തു. ജമ്മു വിമാനത്താവളം, സാമ്പ, ആർഎസ് പുര, അർണിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെച്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനം എട്ട് പാകിസ്ഥാൻ മിസൈലുകളെ തടഞ്ഞു. ജമ്മു യൂണിവേഴ്സിറ്റിക്ക് സമീപം രണ്ട് പാകിസ്ഥാൻ ഡ്രോണുകൾ വെടിവെച്ചിട്ടു.

“ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള ജമ്മു, പഠാൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളെ പാകിസ്ഥാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിട്ടു. നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. #IndianArmedForces നിലവിലുള്ള നടപടിക്രമങ്ങൾ അനുസരിച്ച് ഭൗതികവും ഭൗതികമല്ലാത്തതുമായ മാർഗ്ഗങ്ങളിലൂടെ ഭീഷണി നിർവീര്യമാക്കി,” എന്ന് സംയുക്ത പ്രതിരോധ സേന പ്രസ്താവനയിൽ അറിയിച്ചു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് 48 മണിക്കൂറിനുള്ളിലാണ് പാകിസ്ഥാൻ്റെ ഈ പ്രകോപനം.