NationalNews

‘ഇതൊരു തുടക്കം മാത്രമാകണം, ഭീകരവാദത്തിന്റെ അന്ത്യം കുറിക്കണം’: ഹിമാൻഷി നർവാൾ | Operation Sindoor

ശ്രീനഗർ: വിവാഹം കഴിഞ്ഞ് ആറു ദിവസത്തിനു ശേഷം മധുവിധു യാത്രയിൽ ഭർത്താവിനെ കൺമുന്നിലിട്ട് കൊലപ്പെടുത്തിയ ഭീകരർക്ക് ഓപ്പറേഷൻ സിന്ദൂരിലൂടെ ശക്തമായ തിരിച്ചടി നൽകിയതിന് കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാൾ. ഈ തിരിച്ചടി ഇവിടെ അവസാനിക്കരുതെന്നും ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകണമെന്നും അവർ പറഞ്ഞു.

തന്റെ ഭർത്താവ് പ്രതിരോധ സേനയിൽ ചേർന്നത് നിരപരാധികളുടെ ജീവൻ രക്ഷിക്കാനും സമാധാനം ഉറപ്പാക്കാനുമാണ്. ഈ പ്രത്യാക്രമണം തീവ്രവാദത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ഒരു തുടക്കമാകണമെന്ന് അദ്ദേഹത്തിനു വേണ്ടി താൻ ആഗ്രഹിക്കുന്നുവെന്നും ഹിമാൻഷി പിടിഐയോട് സംസാരിക്കവെ പറഞ്ഞു.

വെടിയേറ്റ് മരിച്ച ഭർത്താവിനരികിലിരുന്ന് വിലപിക്കുന്ന ഹിമാൻഷിയുടെ ചിത്രം രാജ്യത്തിന്റെ വേദനയായി മാറുകയും ഭീകരവാദത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുകയും ചെയ്തിരുന്നു. ഹിമാൻഷിയെപ്പോലെ ഭർത്താവിന്റെ മരണം നോക്കിനിൽക്കേണ്ടി വന്ന സ്ത്രീകളുടെ കണ്ണീരിന്റെയും പ്രതികാരത്തിന്റെയും ഓർമ്മപ്പെടുത്തലാണ് രാജ്യം ഈ പ്രത്യാക്രമണത്തിന് നൽകിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര്.

ഭീകരവാദത്തിനെതിരെ പോരാടാൻ ആഗ്രഹിച്ച ഭർത്താവിന്റെ ആദർശത്തെ പൂർണ്ണമായി ഉൾക്കൊള്ളുന്ന പ്രതികരണമാണ് ഇന്ത്യ പാകിസ്താന് നൽകിയിരിക്കുന്നതെന്നും ഹിമാൻഷി അഭിപ്രായപ്പെട്ടു.

സൈന്യവും കേന്ദ്ര സർക്കാരും ഭീകരവാദികൾക്ക് ശക്തമായ സന്ദേശം നൽകിയിട്ടുണ്ട്. അതിന് തനിക്ക് വലിയ കടപ്പാടുണ്ട്. തങ്ങളെപ്പോലെ 26 കുടുംബങ്ങൾ അനുഭവിച്ച വേദന അതിർത്തിക്കപ്പുറത്തുള്ളവർക്ക് മനസ്സിലായിക്കാണും.

ഭർത്താവിന്റെ ജീവനുവേണ്ടി യാചിച്ചപ്പോൾ ഭീകരവാദികൾ പറഞ്ഞത് പ്രധാനമന്ത്രി മോദിയോട് പറയാനാണ്. ഇപ്പോൾ മോദി അവർക്ക് തക്ക മറുപടി നൽകിയിരിക്കുന്നുവെന്നും ഹിമാൻഷി കൂട്ടിച്ചേർത്തു.