
ഷാജൻ സ്‌കറിയയെ ഷർട്ടിടാൻ അനുവദിച്ചില്ല; പോലീസിനെതിരെ പരാതി
തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ പോർട്ടലിന്റെ എഡിറ്റർ ഷാജൻ സ്‌കറിയയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നു. അറസ്റ്റിന് മുൻപുള്ള നിയമപരമായ നടപടിക്രമങ്ങൾ പോലീസ് പാലിച്ചില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) ആരോപിച്ചു.
സംഭവത്തിൽ കോം ഇന്ത്യ ആഭ്യന്തര സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകി. സൈബർ ക്രൈം സി.ഐയുടെ പ്രതികാര നടപടിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപകീർത്തിക്കേസിൽ ഒരു സാധാരണ നോട്ടീസ് നൽകി വിളിച്ചു വരുത്താമായിരുന്ന ഒരു മാധ്യമപ്രവർത്തകനെ, അദ്ദേഹം മാതാപിതാക്കളോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ഷർട്ട് പോലും ധരിക്കാൻ അനുവദിക്കാതെ ബലമായി പോലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളാണെന്ന് കോം ഇന്ത്യ ആരോപിച്ചു. പരാതിയിൽ വ്യക്തിഹത്യ, മാനഹാനി തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് പ്രകാരം പോലീസിന് കേസ് എടുക്കാൻ സാധ്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ഷാജൻ സ്‌കറിയക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗിക ചുവയുള്ള പ്രയോഗം നടത്തി എന്നതാണ്. എന്നാൽ, അത്തരത്തിലുള്ള ഒരു പരാതി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടില്ല. വാർത്തകളുടെ പേരിൽ എന്ത് നടപടി സ്വീകരിക്കണമെങ്കിലും 10 ദിവസം മുൻപ് തന്നെ നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് പോലീസ് ലംഘിച്ചെന്നും കോം ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.
ഷാജൻ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസ്താവിച്ചു. ഷാജൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും, മനുഷ്യാവകാശങ്ങൾ ലംഘിക്കാതെ പോലീസിന് നിയമപരമായ നടപടികൾ സ്വീകരിക്കാവുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ഭരണകൂടം ഒരു മാധ്യമപ്രവർത്തകനെ വീട്ടിൽ അതിക്രമിച്ചു കയറി പിടികൂടുന്നത് ന്യായീകരിക്കാനാവില്ലെന്നും പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീണും സെക്രട്ടറി എം. രാധാകൃഷ്ണനും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.