
ന്യൂഡൽഹി: ഇന്ത്യ-റഷ്യൻ പ്രതിരോധ കരാറിൻ കീഴിൽ നിർമ്മിച്ച നാല് തൽവാർ ക്ലാസ് അത്യാധുനിക യുദ്ധക്കപ്പലുകളിൽ രണ്ടാമത്തേതായ തമാൽ മെയ് 28 ന് ഇന്ത്യയിലെത്തും. 2016 ലാണ് ഇരു രാജ്യങ്ങളും പ്രതിരോധ കരാറിൽ ഒപ്പുവച്ചത്. തമാലിന്റെ പരിശീലനത്തിനും കടൽ പരീക്ഷണങ്ങൾക്കുമായി ഏകദേശം 200 നാവികസേനാംഗങ്ങൾ റഷ്യയിലുണ്ടായിരുന്നു.
ആറാഴ്ച നീണ്ട പരീക്ഷണങ്ങൾക്ക് ശേഷം കപ്പൽ ഇന്ത്യക്ക് കൈമാറി. 26 പേർ മരിച്ച പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതിന് പിന്നാലെയാണ് ഈ സുപ്രധാന നീക്കം.
കരാറിന് കീഴിൽ നിർമ്മിച്ച ആദ്യ യുദ്ധക്കപ്പലായ ഐഎൻഎസ് തുഷിൽ ഇതിനോടകം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാവികസേനയ്ക്ക് കൈമാറിയിട്ടുണ്ട്. ഈ പടക്കപ്പൽ ഇന്ത്യയിലെത്തുന്നതിന് മുൻപ് 12,500 മൈലിലധികം സഞ്ചരിക്കുകയും എട്ട് രാജ്യങ്ങളുടെ ജലം കടക്കുകയും ചെയ്തു.

റഷ്യയിലെ യാന്തർ ഷിപ്പ്യാർഡിൽ നിർമ്മിച്ച തമാൽ ഈ വർഷം ജൂണിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. ഉയർന്ന ശേഷിയുള്ളതും കൃത്യതയാർന്നതുമായ ഈ പടക്കപ്പലിൽ സൂപ്പർസോണിക് ബ്രഹ്മോസ് മിസൈലുകൾ, അന്തർവാഹിനിവേധ റോക്കറ്റുകൾ, ടോർപ്പിഡോകൾ എന്നിവ തൊടുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ, ഒരു മൾട്ടി-റോൾ ഹെലികോപ്റ്ററിനെയും വിന്യസിക്കാൻ സാധിക്കും. റഡാറിൽ പെട്ടെന്ന് കണ്ടെത്താനാകാത്ത അത്യാധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യയും 3,900 ടൺ ഭാരവും ഈ യുദ്ധക്കപ്പലിനുണ്ട്.
തൽവാർ ക്ലാസ് ഫ്രിഗേറ്റുകളുടെ മൂന്നാം ബാച്ചിൽ ഉൾപ്പെടുന്ന ഈ കപ്പൽ ഇന്ത്യയുടെ ‘അവസാനത്തെ ഇറക്കുമതി ചെയ്ത യുദ്ധക്കപ്പൽ’ ആയിരിക്കുമെന്ന് നാവികസേന സ്ഥിരീകരിച്ചു. ഈ അത്യാധുനിക യുദ്ധക്കപ്പൽ നാവികസേനയുടെ പോരാട്ട ശേഷിക്ക് വലിയൊരു മുതൽക്കൂട്ടാകും.