Cinema

‘നടൻമാരെ സ്റ്റാർ ആക്കിയത് നിർമ്മാതാക്കൾ’; മറുപടിയുമായി ലിസ്റ്റിൻ സ്റ്റീഫൻ

എന്തെങ്കിലും പറഞ്ഞാൽ ആരാധകർ ആക്രമിക്കുകയാണ്

കൊച്ചി: അഭിനേതാക്കളെ വലിയ താരങ്ങളാക്കുന്നത് സിനിമയുടെ നിർമ്മാതാക്കളാണെന്ന് സിനിമ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു താരത്തിനെതിരെ സംസാരിച്ചാൽ പോലും അവരുടെ ആരാധകരും ആർമിയും ആക്രമിക്കാൻ വരുന്ന സ്ഥിതിയാണെന്നും ലിസ്റ്റിൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. താരങ്ങളെ ഭയന്ന് പറയാനുള്ള കാര്യങ്ങൾ പറയാതിരിക്കാൻ തനിക്കാവില്ലെന്നും ലിസ്റ്റിൻ വ്യക്തമാക്കി.

ഒരുതാരം ഒരു വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നും അത് ഉടനെ തിരുത്തണമെന്നും ലിസ്റ്റിൻ സ്റ്റീഫൻ ഒരു പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. ഇത് നടൻ നിവിൻ പോളിയെ ഉദ്ദേശിച്ചാണെന്ന ചർച്ചകള്‍ സജീവമാകുന്നതിനിടെയാണ് മറുപടിയുമായി ലിസ്റ്റിൻ രംഗത്തെത്തിയിരിക്കുന്നത്.

‘ഞാൻ കഴിഞ്ഞ 15 വർഷമായിട്ട് ഒരു താരത്തിനെതിരെയും ഒരു ടെക്‌നീഷ്യനെതിരെയും മോശമായി സംസാരിച്ചിട്ടില്ല. പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാൽ, ഒരു സിനിമയിലെ ഒരു താരത്തിന്റെ ഫൈറ്റ് താങ്ങാനുള്ള സാമ്പത്തിക ശേഷി ഒരു വ്യക്തിഗത നിർമ്മാതാവിന് ഉണ്ടാകില്ല. കാരണം സിനിമ നിർമ്മിക്കുന്നത് ഒരാൾ മാത്രമാണ്. അവർക്ക് ആരാധകരോ ആർമിയോ ഇല്ല.

എന്നാൽ ഇന്ന് കാണുന്ന ഈ വലിയ താരങ്ങളെല്ലാം ഉണ്ടാകാനുള്ള പ്രധാന കാരണം ഞങ്ങളാണ്. അത്തരം നിർമ്മാതാക്കളിൽ ഒരാളാണ് ഞാൻ. ഞങ്ങൾ എന്തെങ്കിലും സത്യം പറഞ്ഞാൽ പോലും ഒന്നും അറിയാത്ത കുറേ ആരാധകരും ആർമിക്കാരും വന്ന് ആക്രമിച്ചുകൊണ്ടിരിക്കുകയാണ്,’ ലിസ്റ്റിൻ പറഞ്ഞു.

‘നിങ്ങൾ ഈ പറയുന്ന നടനെതിരെ ഞാൻ എന്തെങ്കിലും മോശം പരാമർശം നടത്തിയിട്ടുണ്ടോ? പറയേണ്ട സമയത്ത് പറയാനുള്ളതാണെങ്കിൽ ഒരു ഭയവുമില്ലാതെ ഞാൻ അത് പറയും. നാളെ എനിക്ക് സിനിമ ചെയ്യേണ്ട. എനിക്ക് ജീവിക്കാൻ ആവശ്യമായ പണം എന്റെ കയ്യിലുണ്ട്. എനിക്കത് മതി. ഒരു താരത്തിനെ പേടിച്ച് എനിക്ക് പറയാനുള്ള കാര്യം പറയാതിരിക്കാൻ കഴിയില്ല. നമ്മളെല്ലാം ടിക്കറ്റ് എടുത്തിട്ടല്ലേ ഇവരെ ഇത്ര വലിയ ആളുകളാക്കിയത്,’ എന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.

നിർമ്മാതാവ് സാന്ദ്രാ തോമസ് തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്കും ലിസ്റ്റിൻ മറുപടി നൽകി. ‘ഞാൻ മലയാള സിനിമയെ ഒറ്റിക്കൊടുത്തു എന്ന് അവർ പറയുമ്പോൾ അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ പലിശയ്ക്ക് പണം എടുത്താണ് സിനിമകൾ ചെയ്യുന്നത്. മലയാള സിനിമയിലെ 99 ശതമാനം നിർമ്മാതാക്കളും അങ്ങനെ തന്നെയാണ് സിനിമ ചെയ്യുന്നത്. അതിലെവിടെയാണ് സത്യസന്ധത കുറവ്?’ എന്നും ലിസ്റ്റിൻ ചോദിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ലിസ്റ്റിൻ സ്റ്റീഫൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടനെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്റെ അന്നത്തെ പ്രസ്താവന. കൊച്ചിയിൽ നടന്ന ഒരു സിനിമാ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ലിസ്റ്റിൻ ഈ കാര്യം പറഞ്ഞത്. എന്നാൽ ആ നടന്റെ പേരോ അദ്ദേഹം ചെയ്ത തെറ്റോ ലിസ്റ്റിൻ അന്ന് വെളിപ്പെടുത്തിയിരുന്നില്ല.