News

പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം; മനഃപൂർവം തെറ്റ് ചെയ്തിട്ടില്ലെന്ന് മൊഴി

വനംവകുപ്പ് എടുത്ത പുലിപ്പല്ല് കേസിൽ റാപ്പർ വേടന് ജാമ്യം അനുവദിച്ച് കോടതി. പുലിപ്പല്ല് മാല സമ്മാനമായി ലഭിച്ചതാണെന്നാണ് വേടൻ പറഞ്ഞിരുന്നത്. തൊണ്ടി മുതൽ കിട്ടിയെന്നും വനംവകുപ്പ് കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും വേടൻ കോടതിയിൽ പറഞ്ഞു.

പുലിപ്പല്ല് കൈവശം വെച്ച കേസിൽ താൻ മനഃപൂർവം തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതി വേടൻ ജാമ്യാപേക്ഷയിൽ കോടതിയെ അറിയിച്ചു. നേരത്തെ വേടൻ പറഞ്ഞിരുന്നത് ഈ പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും അത് നൽകിയത് ശ്രീലങ്കൻ വംശജനായ ഒരാളാണെന്നുമാണ്.

അതേസമയം, വനംവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ വേടന്റെ മാലയിൽ നിന്ന് കണ്ടെത്തിയ പല്ല് യഥാർഥ പുലിപ്പല്ല് തന്നെയാണെന്നാണ് കണ്ടെത്തൽ. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനായി കാത്തിരിക്കുകയാണ് വനംവകുപ്പ്.

പുലിപ്പല്ല് ശരിക്കുള്ളതാണോ എന്ന് തനിക്ക് വ്യക്തമല്ലെന്നും ഒരു ആരാധകൻ സമ്മാനിച്ചതാണെന്നുമാണ് വേടൻ വനംവകുപ്പിന് നൽകിയ മൊഴി. രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഈ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയായതിനെ തുടർന്നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാർഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്.