NationalNews

‘ഒരു ദൗത്യവും അകലെയല്ല’, യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവെച്ച് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് ശക്തമായ തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പ്രധാനമന്ത്രി പൂർണ്ണ സ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ, തങ്ങളുടെ യുദ്ധസജ്ജമായ കപ്പലുകളുടെ ചിത്രം പങ്കുവെച്ച് ഇന്ത്യൻ നാവികസേന. ‘ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലമല്ല ഒരു കടലും’ എന്ന സന്ദേശത്തോടെയാണ് നാവികസേന എക്സിൽ തങ്ങളുടെ യുദ്ധക്കപ്പലുകളുടെ ചിത്രം പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അറബിക്കടലിൽ നാവികസേന തങ്ങളുടെ ആയുധശേഷി പ്രകടമാക്കുന്ന വലിയ അഭ്യാസപ്രകടനങ്ങൾ നടത്തിയിരുന്നു. പടക്കപ്പലുകളിൽ നിന്ന് മിസൈൽ പരീക്ഷണമടക്കം നടത്തി നാവികസേന തങ്ങളുടെ തയ്യാറെടുപ്പ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തിരിച്ചടിക്കുള്ള നടപടികൾക്കായി സേനകൾക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് എന്നിവർ പങ്കെടുത്തു.

തിരിച്ചടിയുടെ സമയവും ലക്ഷ്യവും രീതിയും സേനകൾക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായാണ് വിവരം. ഇതിനിടെ ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും മന്ത്രിസഭയുടെ സുരക്ഷാ കാര്യ സമിതിയും ചേരുന്നുണ്ട്. പാകിസ്താനെതിരായ തുടർ നടപടികൾ ഈ യോഗത്തിൽ ഉണ്ടാകും.

ഇതിനിടെ അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ സൈനിക നടപടിയുണ്ടാകുമെന്ന് രഹസ്യ വിവരം ലഭിച്ചതായി പാക് മന്ത്രി പറയുകയുണ്ടായി.