
വിഴിഞ്ഞം തുറമുഖം കമ്മിഷനിങ്: പ്രതിപക്ഷ നേതാവിന് ക്ഷണമില്ല
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണമില്ല. തുറമുഖത്തെ ആദ്യ ചരക്കു കപ്പലിനെ സ്വീകരിച്ചപ്പോൾ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രയൽ റൺ ഉദ്ഘാടനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. അതേ മാതൃകയിലാണ് ഇപ്പോൾ കമ്മിഷനിങ് ചടങ്ങിൽ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയിരിക്കുന്നത്.
കമ്മിഷനിങ് ചടങ്ങ് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത് എന്നും, വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിനാൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, കോൺഗ്രസ് നേതാക്കളായ തിരുവനന്തപുരം എംപി ശശി തരൂർ, കഴക്കൂട്ടം എംഎൽഎ എം.വിൻസെന്റ് എന്നിവരെ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പട്ടിക അന്തിമമാക്കി തിരിച്ചുവന്നിട്ടില്ല.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ‘ക്രെഡിറ്റ്’ ആർക്കാണ് എന്നതിനെ ചൊല്ലി ഭരണപക്ഷത്തും പ്രതിപക്ഷത്തും തർക്കം നിലനിൽക്കുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് തുറമുഖവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ പ്രധാന നാഴികക്കല്ല്, നിർമ്മാണത്തിനുള്ള ക്രെയിനുകളുമായി 2023 ഒക്ടോബറിൽ ആദ്യ ചരക്കു കപ്പൽ എത്തിയതായിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് പദ്ധതിയുടെ പൂർണ്ണ ക്രെഡിറ്റും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകുകയും എൽഡിഎഫിനെ വിമർശിക്കുകയും ചെയ്തിരുന്നു.
ശശി തരൂർ എംപിയും എം.വിൻസെന്റും അന്ന് ചടങ്ങിൽ സന്നിഹിതരായിരുന്നു. എന്നാൽ, 2024 ജൂലൈയിൽ ആഘോഷമായി നടന്ന ട്രയൽ റൺ ഉദ്ഘാടന ചടങ്ങിൽ സ്ഥലം എംപിയെയും എംഎൽഎയെയും മാത്രമാണ് ക്ഷണിച്ചത്. തുറമുഖം മൂലം തീരദേശവാസികൾ നേരിട്ട പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ അന്ന് വിട്ടുനിന്നപ്പോൾ, പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്ന നിലപാടെടുത്ത് എം.വിൻസെന്റ് ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ തുറമുഖം സന്ദർശിച്ച ശശി തരൂർ കമ്മിഷനിങ് ചടങ്ങിൽ താൻ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. വികസനത്തിൽ രാഷ്ട്രീയം ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കമ്മിഷനിങ് ചടങ്ങിലേക്ക് ക്ഷണിച്ചാൽ വേദിയിലിരിക്കുമെന്നും, ഇല്ലെങ്കിൽ സദസ്സിലിരിക്കുമെന്നും എം.വിൻസെന്റും പ്രതികരിച്ചു. അതേസമയം, ക്ഷണിക്കാത്തതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എംപിയോ എംഎൽഎയോ ചടങ്ങിൽ പങ്കെടുക്കുന്നതിനെ കോൺഗ്രസ് വിലക്കിയിട്ടുമില്ല.
കമ്മിഷനിങ് തീയതി തീരുമാനിച്ചത് പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിച്ചാണ്. ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന കമ്മിഷനിങ് ആണ് ഇപ്പോൾ മെയ് മാസത്തിലേക്ക് നീണ്ടത്. എന്നാൽ, കമ്മിഷനിങ്ങിനെ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് സർക്കാർ വ്യാഖ്യാനിക്കുന്നത്. അങ്ങനെയാണെങ്കിൽ, എൽഡിഎഫ് സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടിക്ക് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുന്നത് എങ്ങനെയാണെന്ന ചോദ്യവും ഉയരുന്നുണ്ട്.