
ജയതിലക് ഉൾപ്പെടെയുള്ളവർക്കെതിരെ ക്രമക്കേട് പരാതി വിജിലൻസ് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കൈമാറി
തിരുവനന്തപുരം: നിയുക്ത ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്
അടക്കമുള്ളവർക്കെതിരായ ക്രമക്കേട് പരാതി സെൻട്രൽ വിജിലൻസ് കമ്മീഷൻ (CVC) ചീഫ് സെക്രട്ടറിക്ക് കൈമാറി. പട്ടിക ജാതി വികസന ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടത്തി എന്നാണ് ജയതിലക് ഉൾപ്പെടെയുള്ളവർക്കെതിരായ പരാതി. സിവിസിയുടെ അധികാര പരിധിക്ക് പുറത്ത് ആയതിനാലാണ് പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
പിഎം അജയ് പദ്ധതിയുടെ കീഴിലുള്ള പണം വ്യാജ പരിശീലന പദ്ധതികള്‍, ബിനാമി സ്ഥാപനങ്ങള്‍, കൃത്രിമ രേഖകള്‍ എന്നിവയിലൂടെ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ഇതിന് തെളിവായുള്ള വിവരാവകാശ രേഖയും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു.
കേരളത്തിൽ പിഎം-അജയ് (പ്രധാനമന്ത്രി അനുസൂചിത ജാതി അഭിയാൻ യോജന) ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാനാണ് ചീഫ് സെക്രട്ടറിക്ക് സെൻട്രൽ വിജിലൻസ് കമ്മീഷന്റെ (സിവിസി) നിർദ്ദേശം നല്‍കിയിരിക്കുന്നത്.
കൊല്ലം സ്വദേശി ജെ. ബെൻസി സമർപ്പിച്ച പരാതിയിൽ, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. എ. ജയതിലക്, ഗോപാലകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘം 58.25 കോടി രൂപയുടെ അഴിമതി നടത്തിയതായി പറയുന്നു. പട്ടികജാതി സമുദായങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള കേന്ദ്ര ക്ഷേമ പദ്ധതികളുടെ നടത്തിപ്പിൽ വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി പരാതിയിൽ പറയുന്നു.
കേന്ദ്ര ഫണ്ട് വിനിയോഗം നടത്തിയ ഐ.എ.എസ്. ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നതിനാൽ സിവിസിയുടെ നേരിട്ടുള്ള അധികാരപരിധിക്ക് പുറത്താണെന്ന് 2025 ഏപ്രിൽ 11-ന് കമ്മീഷൻ അയച്ച കത്തിൽ പറയുന്നു. അതിനാൽ കമ്മീഷൻ പരാതി അന്വേഷണത്തിനായി കേരള ചീഫ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. പിഎം-അജയ് പദ്ധതിയുടെ കീഴിൽ ഉള്ള പണം വ്യാജമായ പരിശീലന പദ്ധതികൾ, കൃത്രിമ രേഖകൾ, ബെനാമി സ്ഥാപനങ്ങൾ എന്നിവയിലൂടെ ദുരുപയോഗം ചെയ്യപ്പെട്ടതായി പരാതിയിൽ ആരോപിക്കുന്നു. സീനിയർ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവർത്തകരും ഇതിൽ പങ്കാളികളായിട്ടുണ്ട്.
പ്രധാനമായി ഉന്നയിക്കുന്ന ഒരു ആരോപണം, മത്സരാധിഷ്ഠിതമായ ടെണ്ടർ നടത്താതെ ഏവിയേഷൻ ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട സ്വകാര്യ കമ്പനിയായ ബേർഡ് വേൾഡ് വൈഡ് ഫ്ലൈറ്റ് സർവീസസിന് (ബിഡബ്ല്യുഎഫ്എസ്) കരാർ നൽകിയതുമായി ബന്ധപ്പെട്ടതാണ്. വിവരാവകാശ പ്രകാരം 2025 മാർച്ച് 21-ന് കേരള പട്ടികജാതി വികസന വകുപ്പ് (എസ്‌സിഡിഡി) നൽകിയ മറുപടിയിൽ ബിഡബ്ല്യുഎഫ്എസ് കമ്പനിക്ക് കരാർ നൽകിയത് ടെണ്ടറിംഗ് പ്രക്രിയയിലൂടെ അല്ല എന്ന് സമ്മതിക്കുന്നുണ്ട്. എസ്.സി വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണനുമായി സ്വകാര്യ ചർച്ച നടത്തിയതിന്റെ തെളിവുകളും പരാതിക്കാരൻ ഹാജരാക്കി.
സാമൂഹ്യ നീതി-ശാക്തീകരണ മന്ത്രാലയത്തിന് സമർപ്പിച്ച അംഗീകൃത പെർസ്പെക്ടീവ് പ്ലാനിൽ ബിഡബ്ല്യുഎഫ്എസ് ആയുള്ള കരാർ ഉൾപ്പെടുത്തിയത് പൊതുഫണ്ടുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന ജനറൽ ഫിനാൻഷ്യൽ റൂൾസ് (ജിഎഫ്ആർ 2017), കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സ്റ്റാൻഡേർഡ് പ്രോക്യൂർമെന്റ് നോർമുകൾ എന്നിവ ലംഘിച്ച്, മത്സരാധിഷ്ഠിതമായ ബിഡ്ഡിംഗോ ടെണ്ടറോ ഇല്ലാതെയാണെന്ന് എസ്.സി. വകുപ്പ് വിവരാവകാശ രേഖയിലൂടെ സ്ഥിരീകരിച്ചു. കേരള സർക്കാറിന്റെ സ്റ്റോർ പർച്ചേസ് മാന്വലും ലംഘിച്ച് യാതൊരു മാനദണ്ഡവും കൂടാതെയാണ് സ്വകാര്യ കമ്പനിക്ക് കോടികളുടെ കരാർ നൽകിയത്.