InternationalNews

പാകിസ്താന് ചൈനയുടെ ആയുധ പിന്തുണ: പിഎൽ-15 മിസൈലുകൾ നല്‍കിയതായി റിപ്പോർട്ട്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിരിക്കെ, പാകിസ്താന് ചൈനയുടെ സൈനിക സഹായം ലഭിച്ചതായി റിപ്പോർട്ട്. ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന് കഴിഞ്ഞ ദിവസം ചൈന പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ, പാക് വ്യോമസേനയ്ക്ക് ചൈനയുടെ നൂതന എയർ-ടു-എയർ ദീർഘദൂര മിസൈലുകളായ പിഎൽ-15 ലഭിച്ചതായാണ് പ്രതിരോധ രംഗത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പാക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളിൽ പിഎൽ-15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) എയർ-ടു-എയർ മിസൈലുകൾ ഘടിപ്പിച്ച ചിത്രങ്ങളാണ് ഈ വിലയിരുത്തലിന് പിന്നിൽ. പ്രതിരോധ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ‘ക്ലാഷ്’ വെബ്‌സൈറ്റ് പ്രകാരം, പാക് വ്യോമസേനയുടെ പോർവിമാനങ്ങളിൽ കണ്ട മിസൈലുകൾ ഇറക്കുമതി ചെയ്യുന്ന പിഎൽ-15ഇ വിഭാഗത്തിലുള്ളവയല്ല. അതിനാൽ, ചൈനീസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക് സൈന്യത്തിന് ലഭ്യമായതെന്നാണ് വിവരം. ഇന്ത്യയുമായി സംഘർഷ സാധ്യത നിലനിൽക്കെ പാകിസ്താൻ ചൈനയിൽ നിന്നും അടിയന്തരമായി ആയുധങ്ങൾ ഇറക്കുമതി ചെയ്തെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ചൈനയുടെ വ്യോമ ശേഷിയിലെ പ്രധാനിയായ പിഎൽ 15 മിസൈലുകളുടെ ദീർഘദൂര ശേഷിയാണ് എടുത്തുപറയേണ്ട പ്രത്യേകത. റഡാർ-ഗൈഡഡ് വിഭാഗത്തിലുള്ള ഈ മിസൈലുകൾ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈന (AVIC) ആണ് നിർമിച്ചത്. 200-300 കിലോമീറ്ററാണ് മിസൈലിന്റെ പരിധി. ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗതയിൽ ഇവയ്ക്ക് സഞ്ചരിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ സുഹായ് എയർ ഷോയിലാണ് ചൈന ഈ നൂതന മിസൈൽ പ്രദർശിപ്പിച്ചത്.

അതേസമയം, ഇന്ത്യയുടെ എയർ-ടു-എയർ മിസൈൽ സംവിധാനത്തിനും പിഎൽ 15 മിസൈലുകളുടെ ശേഷിയോട് കിടപിടിക്കാൻ കഴിയും. ഇന്ത്യയുടെ നൂതന എയർ-ടു-എയർ മിസൈലായ അസ്ത്ര എംകെ-III (ഗാണ്ഡീവ) യ്ക്ക് പരമാവധി 340 കിലോമീറ്ററാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. സുഖോയ് സു 30 എംകെഐ വിമാനങ്ങളിലും തദ്ദേശീയമായി നിർമ്മിച്ച തേജസ് വിമാനങ്ങളിലുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

നിലവിൽ റഫേൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഫ്രഞ്ച് നിർമിത മെറ്റിയോർ മിസൈലുകൾക്ക് 200 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്. പാക്കിസ്ഥാന് ചൈനയിൽ നിന്ന് അത്യാധുനിക മിസൈലുകൾ ലഭിച്ചതായുള്ള റിപ്പോർട്ടുകൾ നിലവിലെ സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നിരീക്ഷിക്കുന്നത്.