News

പാകിസ്ഥാനില്‍ വെള്ളപ്പൊക്കം: ഇന്ത്യയുടെ തിരിച്ചടിയെന്ന്; ഝലം നദിയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍

പാക് അധീന കശ്മീരിലെ ഝലം നദിയിൽ പെട്ടെന്ന് ജലത്തിന്റെ അളവ് വർധിച്ച് വെള്ളപ്പൊക്കവും കൃഷിനാശവും സംഭവിച്ചു. ഇന്ത്യ ഉറി അണക്കെട്ടിൽ നിന്ന് മുൻകൂട്ടി അറിയിക്കാതെ വെള്ളം തുറന്നുവിട്ടതാണ് പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.

സിന്ധു നദീജല കരാർ റദ്ദാക്കിയതിന് തൊട്ടുപിന്നാലെ, ഏപ്രിൽ 26 ശനിയാഴ്ച, ഇന്ത്യ മുന്നറിയിപ്പില്ലാതെ ഉറി അണക്കെട്ടിൽ നിന്ന് വലിയ അളവിൽ വെള്ളം ഝലം നദിയിലേക്ക് തുറന്നുവിട്ടെന്നാണ് പാകിസ്ഥാൻ ആരോപണം. ഹത്തിയൻ ബാല ജില്ലയിൽ ജല അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും, നദീതീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. മുസാഫറാബാദ്, ചക്കോട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചഭാഷിണികളിലൂടെ മുന്നറിയിപ്പ് നൽകി. പാക് അധീന കശ്മീർ ഭരണകൂടം ഇതിനെ “ജല ഭീകരവാദം” എന്ന് വിശേഷിപ്പിച്ചു.

എന്നാൽ, പാകിസ്ഥാന്റെ ആരോപണത്തോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പതിവായി തുറന്നുവിടുന്നത്ര വെള്ളം മാത്രമേ തുറന്നുവിട്ടിട്ടുള്ളൂവെന്നും, ജമ്മു കശ്മീരിൽ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണമെന്നും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അതീവ സംഘർഷഭരിതമായി തുടരുകയാണ്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കിയതും, മുന്നറിയിപ്പില്ലാതെ ഉറി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടെന്ന പാകിസ്ഥാന്റെ ആരോപണവും, അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ വിട്ടുകൊടുക്കാത്തതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

ഏപ്രിൽ 22, 23 തീയതികളിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് തുടക്കമിട്ടത്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ആരോപിച്ച ഇന്ത്യ , ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, 1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ (IWT) ഇന്ത്യ താൽക്കാലികമായി റദ്ദാക്കി.

കരാർ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഇതിനുപുറമെ, പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തുകയും, പാക് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കുകയും, പാക് പൗരന്മാർക്കുള്ള വിസ സേവനങ്ങൾ നിർത്തിവെക്കുകയും, അട്ടാരി-വാഗാ അതിർത്തി അടയ്ക്കുകയും ചെയ്തു.