
ക്ഷേമ പെൻഷൻ കുടിശിക 20 ഗഡുക്കൾ! ഒപ്പം ക്ഷേമ പെൻഷൻ കൂട്ടാത്ത ധനമന്ത്രി എന്ന ഖ്യാതിയും കെ.എൻ ബാലഗോപാലിന് സ്വന്തം
ക്ഷേമ പെൻഷൻ കുടിശിക എത്ര? സാങ്കേതികമായി 3 മാസമാണെങ്കിലും സർക്കാർ ഖജനാവ് പ്രകാരം 20 മാസത്തിൽ കൂടുതൽ ക്ഷേമ പെൻഷൻ കുടിശികയാണ്. ഇതിന്റെ കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റിന്റെ പാളിച്ചകൾ കൂടുതൽ വ്യക്തമാകും.
മുൻകാലങ്ങളിൽ ക്ഷേമ പെൻഷൻ നൽകിയിരുന്നത് സർക്കാർ ഖജനാവിൽ നിന്നായിരുന്നു. ഇപ്പോൾ പെൻഷൻ നൽകുന്നത് പെൻഷൻ കമ്പനിയാണ്. 2018 ൽ ഐസക്ക് ധനമന്ത്രിയായ കാലത്താണ് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നത്. 26-6. 18 ലാണ് കമ്പനി ധനകാര്യ വകുപ്പിന് കീഴിലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി സ്ഥാപിച്ചത്. ധനകാര്യ മന്ത്രി ചെയർമാനും ധനകാര്യ സെക്രട്ടറി മാനേജിംഗ് ഡയറക്ടറും ആയിട്ടാണ് കമ്പനി രൂപികരിച്ചത്. സർക്കാർ ഖജനാവിൽ പണം ഇല്ലാത്തത് മൂലം പെൻഷൻ മുടങ്ങരുത് എന്നായിരുന്നു കമ്പനി രൂപീകരിച്ചതിന് പിന്നിലെ ലക്ഷ്യം.
പെൻഷൻ കമ്പനി പെൻഷൻ നൽകാനുള്ള ഫണ്ട് കണ്ടെത്തണം. സഹകരണ സ്ഥാപനങ്ങളുടെ കൺസോർഷ്യം, കെ എസ് എഫ് ഇ , കെ എഫ് സി തുടങ്ങിയ സമാഹരിക്കാൻ കഴിയുന്ന മേഖലകളിൽ നിന്ന് പലിശക്ക് പെൻഷൻ കമ്പനി പണം സമാഹരിച്ചു.9 മുതൽ 10 ശതമാനം വരെ പലിശക്കാണ് പെൻഷൻ കമ്പനി പണം സമാഹരിച്ചത്. പലിശ അടക്കം പെൻഷൻ കമ്പനിയുടെ ബാധ്യത ഇപ്പോൾ 20000 കോടിയിലേക്ക് ഉയർന്നു.
ഈ സാമ്പത്തിക വർഷത്തെ പെൻഷന് പുറമെ 3 ഗഡു പെൻഷൻ കുടിശിക കൊടുക്കാൻ 2700 കോടി കൂടി അധികമായി പെൻഷൻ കമ്പനി കണ്ടെത്തണം. പെൻഷൻ വീടുകളിൽ വിതരണം ചെയ്യുന്നവർക്ക് 9 മാസത്തെ ഇൻസെൻ്റിവും കൊടുക്കാനുണ്ട്. ആ ഇനത്തിൽ 62 കോടിയോളം രൂപ കുടിശികയുണ്ട്.ഇൻസെൻ്റിവ് കൊടുക്കുന്നത് ധനകാര്യ വകുപ്പ് നേരിട്ടാണ്. അതുകൊണ്ട് തന്നെ കുടിശിക 9 മാസമായി.
പെൻഷൻ കമ്പനിക്ക് നിലവിലുള്ള 20000 കോടി കുടിശികക്ക് പുറമെ ഈ സാമ്പത്തിക വർഷം 3 ഗഡു കുടിശിക ഉൾപ്പെടെ 15 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ 13500 കോടി രൂപ കണ്ടെത്തണം. പലിശക്കാണ് ഈ വായ്പ ഇവർ സമാഹരിക്കുന്നത്. പലിശ അടക്കം ഇതിൻ്റെ തിരിച്ചടവിന് ഏകദേശം 15000 കോടിയെങ്കിലും വേണ്ടി വരും. ഇപ്പോഴുള്ള 20000 കോടിക്ക് പുറമെ ഈ 15000 കോടി കൂടി കണക്കാക്കുമ്പോൾ പെൻഷൻ കമ്പനിയുടെ ബാധ്യത 35000 കോടിയായി ഉയരും.
ഈ സാമ്പത്തിക വർഷം പെൻഷൻ കമ്പനിക്ക് വിതരണം ചെയ്യാൻ ബാലഗോപാൽ ബജറ്റിൽ വകയിരുത്തിയത് 13500 കോടിയാണ്. ഇത് പൂർണമായും ബാലഗോപാൽ പെൻഷൻ കമ്പനിക്ക് നൽകിയാലും പെൻഷൻ കമ്പനിയുടെ ബാധ്യത ( 35000- 13500) 22500 കോടിയായി ആകും. ബജറ്റ് വകയിരുത്തൽ പൂർണമായും കൊടുത്ത ചരിത്രം ബാലഗോപാലിന് ഇല്ല. ക്ഷേമ പെൻഷൻ കുടിശിക വാസ്തവത്തിൽ 20 ഗഡുക്കളിൽ കൂടുതൽ ഉണ്ടെന്ന് വ്യക്തം. സർക്കാർ പണം കൊടുക്കാനുള്ളത് പെൻഷൻ കമ്പനിക്കാണ് എന്ന് മാത്രം. സാങ്കേതികമായി 3 ഗഡുവാണ് കുടിശികയെന്ന് പറയാം. കാരണം ക്ഷേമ പെൻഷൻകാരുടെ കയ്യിൽ കിട്ടാനുള്ളത് 3 ഗഡു കുടിശികയാണ്.
പെൻഷൻ കമ്പനിയുടെ 22500 കോടിയുടെ ബാധ്യത അടുത്ത സർക്കാർ തരും എന്ന് പറഞ്ഞ് ബാലഗോപാൽ പടിയിറങ്ങും. ഒപ്പം ക്ഷേമ പെൻഷൻ 100 രൂപ പോലും കൂട്ടാത്ത ധനമന്ത്രി എന്ന പേരും ബാലഗോപാലിന് സ്വന്തം.