
ഭർത്താവിന്റെ അവിഹിതം ഭാര്യയോടുള്ള ക്രൂരത: പഞ്ചാബ്-ഹരിയാന ഹൈക്കോടതി
വിവാഹേതരമായി ഭർത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുന്നതും എന്നാൽ യുക്തിസഹമായി വിശദീകരിക്കാനാവാത്തതുമായ സാഹചര്യം ഭാര്യയോടുള്ള ക്രൂരതയായി കണക്കാക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹമോചനം നിഷേധിച്ച കുടുംബ കോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. 2023-ലെ കുടുംബ കോടതി ഉത്തരവിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.
വിവാഹബന്ധത്തിന് പുറത്ത് ഒരു സ്ത്രീയുമായി ഭർത്താവ് പുലർത്തുന്ന ബന്ധത്തിന് കൃത്യമായ വിശദീകരണം നൽകാൻ സാധിക്കുന്നില്ലെങ്കിൽ, അത് ദാമ്പത്യത്തിൽ വിള്ളലുകൾ വീഴ്ത്താൻ പര്യാപ്തമാണെന്നും ഭാര്യയോടുള്ള ക്രൂരതയായി കണക്കാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി. തനിക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന ഭാര്യയുടെ ആരോപണങ്ങൾ ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു എന്നായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ, ഈ വാദം കോടതി തള്ളി.
കേസിന്റെ വിചാരണ വേളയിൽ, ഭർത്താവ് തന്നെ മറ്റൊരു സ്ത്രീയുമായി പരിചയമുണ്ടെന്നും പലതവണ വിമാനത്തിലും ട്രെയിനിലും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും സമ്മതിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു ബന്ധം പുലർത്തുന്നതിന് വ്യക്തമായ കാരണം ബോധിപ്പിക്കാൻ ഭർത്താവിന് സാധിച്ചില്ലെങ്കിൽ, അത് തീർച്ചയായും ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി വിലയിരുത്തി. ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം വിശദീകരിക്കാനാവാത്ത പെരുമാറ്റങ്ങൾ ദാമ്പത്യബന്ധം തകരാൻ മതിയായ കാരണമാണെന്നും കോടതി നിരീക്ഷിച്ചു.
ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം ഒരു ഫ്‌ലാറ്റിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങളടങ്ങിയ കോംപാക്ട് ഡിസ്‌കും (സിഡി), ഭർത്താവിന്റെയും ഈ സ്ത്രീയുടെയും പേരിൽ ഒരു കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളതും കുടുംബ കോടതി പരിഗണിച്ചിരുന്നു. ഈ കണ്ടെത്തലുകൾ ഹൈക്കോടതിയും ഗൗരവമായി എടുത്തു. തനിക്കെതിരെ തെളിവുകളില്ലെന്ന ഭർത്താവിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെക്കുറിച്ചും യാത്രകളെക്കുറിച്ചുമുള്ള ഭർത്താവിന്റെ തന്നെ സമ്മതമൊഴികളും, കമ്പനി രജിസ്‌ട്രേഷൻ പോലുള്ള വസ്തുതകളും ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾക്ക് കാരണം ഭർത്താവാണെന്ന് വ്യക്തമാക്കുന്നതായി കോടതി വിലയിരുത്തി. ഒരു ബിസിനസ് സംരംഭം തുടങ്ങുന്നത് പോലുള്ള കാര്യങ്ങൾ, ദാമ്പത്യപരമായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ, വെറുമൊരു സൗഹൃദത്തിനപ്പുറമുള്ള അടുത്ത ബന്ധത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്.
ദമ്പതികൾ 2018 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന വസ്തുത കോടതി അംഗീകരിച്ചെങ്കിലും, ഭർത്താവിന്റെ പെരുമാറ്റം കണക്കിലെടുക്കുമ്പോൾ, ദീർഘകാലമായുള്ള വേർപിരിയലിന്റെ പേരിൽ എന്തെങ്കിലും ആനുകൂല്യം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.