News

ചെലവ് ഒരുകോടി; ഒന്നും അന്വേഷിക്കാതെ ജസ്റ്റിസ്. വി.കെ. മോഹനൻ കമ്മീഷൻ; സ്വർണ്ണക്കടത്ത് കേസില്‍ സർക്കാർ പാഴാക്കുന്നത് വലിയ തുക

നാല് വർഷമായി ഒന്നും അന്വേഷിക്കാതെ ഒരു ജുഡിഷ്യൽ കമ്മീഷൻ. ജോലി ഒന്നുമില്ലെങ്കിലും കമ്മീഷനായി സർക്കാർ ചെലവിടുന്നത് ലക്ഷങ്ങളും. നയതന്ത്ര സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ്. വി.കെ. മോഹനൻ കമ്മീഷനാണ് ഒരു അന്വേഷണവും നടത്താതെ ഖജനാവിലെ പണം വിഴുങ്ങുന്നത്.

ഈ മാസവും ജസ്റ്റിസ് മോഹനൻ കമ്മീഷന് വേണ്ടി 19.49 ലക്ഷം അധിക ഫണ്ട് കെ.എൻ. ബാലഗോപാൽ നൽകി. 2023 ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ ജസ്റ്റിസ് മോഹനൻ കമ്മീഷനു വേണ്ടി 83.76 ലക്ഷം രൂപ ചെലവായതായി വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 21 ന് അനുവദിച്ച 19.49 ലക്ഷവും കൂടി ആകുമ്പോൾ ജസ്റ്റിസ് മോഹനൻ കമ്മീഷൻ്റെ ചെലവ് ഒരു കോടിക്ക് മുകളിൽ ആയി.

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ ഒരു സംസ്ഥാന സർക്കാർ അന്വേഷണത്തിനൊരുങ്ങിയത് രാജ്യത്ത് അസാധാരണത്വം നിറഞ്ഞ സംഭവമായിരുന്നു.

നയതന്ത്ര സ്വർണക്കടത്തുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.), കസ്റ്റംസ് എന്നിവയുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സംസ്ഥാനമന്ത്രിമാർ, സ്പീക്കർ എന്നിവരെ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന മറ്റൊരുപ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തലുമുണ്ടായി.

ഇതിന്റെ അടിസ്ഥാനത്തിൽ കേരള ക്രൈംബ്രാഞ്ച് രണ്ടു കേസുകൾ രജിസ്റ്റർചെയ്തു. നിയമയുദ്ധത്തിനൊടുവിൽ 2021 ഏപ്രിൽ 16-ന് രണ്ട് എഫ്.ഐ.ആറുകളും ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് സർക്കാർ 2021 മേയ് ഏഴിന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനനെ അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

കൊച്ചി കേന്ദ്രമാക്കിയാണ് കമ്മിഷൻ പ്രവർത്തനം തുടങ്ങിയത്. പൊതുജനങ്ങളിൽനിന്ന് പരാതിസ്വീകരിക്കാൻ പത്രപരസ്യവും നൽകി. ഇതിനിടെ ജുഡീഷ്യൽ അന്വേഷണത്തിനെതിരേ ഇ.ഡി. ഹൈക്കോടതിയിൽ ഹർജി നൽകി.

നിയമയുദ്ധത്തിനൊടുവിൽ 2021 ഓഗസ്റ്റ് 11-ന് കമ്മിഷനെ പ്രഖ്യാപിച്ച സർക്കാർനടപടി ഹൈക്കോടതി സിംഗിൾബെഞ്ച് സ്റ്റേചെയ്തു. വിധിക്കെതിരേ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അതിനുശേഷം നടപടികൾ ഒന്നുമുണ്ടായിട്ടില്ല.

കമ്മിഷൻ എന്ന നിലയിൽ ജസ്റ്റിസ് വി.കെ. മോഹനൻ ശമ്പളം കൈപ്പറ്റുന്നില്ലെങ്കിലും ഓഫീസ് ജീവനക്കാരുടെ ശമ്പളമുൾപ്പെടെ സർക്കാർ നൽകുന്നുണ്ട്. അന്ന് സ്വർണക്കടത്തു കേസ് അന്വേഷിച്ച ഇ.ഡി.-കസ്റ്റംസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലംമാറ്റം ലഭിച്ച് സംസ്ഥാനം വിട്ടുപോയ സ്ഥിതിയുമാണ്.