
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മേഖല അവലോകന യോഗത്തിൻ്റെ ചെലവിന് 55.75 ലക്ഷം അനുവദിച്ചു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റിൽ ഉണ്ടായിരുന്ന 15.75 ലക്ഷത്തിന് പുറമേ ഏപ്രിൽ 21 ന് 40 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിക്കുകയായിരുന്നു.
പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് മുഖ്യമന്ത്രിയുടെ മേഖല അവലോകന യോഗം നടക്കുക. മെയ് 8, 15, 26, 29 തീയതികളിലാണ് മേഖല അവലോകന യോഗങ്ങൾ.

ഭരണ നേട്ടങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കുന്നതിനുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ ചേരുന്നത്.
2023 സെപ്തംബർ – ഒക്ടോബർ മാസങ്ങളിൽ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടർച്ചയായാണ് യോഗം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയും, മന്ത്രിമാരും, ചീഫ് സെക്രട്ടറിയും, വകുപ്പ് സെക്രട്ടറിമാരും, വകുപ്പദ്ധ്യക്ഷൻമാരും ചേർന്ന് ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തി ഭരണപരമോ, സാങ്കേതികമോ ആയ തടസങ്ങൾ നേരിടുന്നുണ്ടെങ്കിൽ അവ കണ്ടെത്തി പരിശോധിച്ച് പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്. മേഖല അവലോകന യോഗങ്ങൾ നടക്കുന്ന ജില്ലയിലെ ജില്ലാ കളക്ടർമാർക്കാണ് യോഗത്തിന്റെ സംഘാടനത്തിനും നടത്തിപ്പിനുമുളള ചുമതല.