
സഖാവിന് വേണ്ടി KTDC യിൽ പെൻഷൻ പ്രായം 60 ആക്കാൻ നീക്കം
എൽ.ബി.എസിന് പിന്നാലെ കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിലും ( KTDC) പെൻഷൻ പ്രായം 60 ആക്കാൻ നീക്കം. മെയ് 31 ന് വിരമിക്കുന്ന KTDC യിലെ സി.ഐ.ടിയു നേതാവിന് വേണ്ടിയാണ് പെൻഷൻ പ്രായം ഉയർത്താൻ അടിയന്തിര നീക്കങ്ങൾ ആരംഭിച്ചതെന്നാണ് സൂചന. നിലവിൽ 58 വയസാണ് KTDC യിലെ വിരമിക്കൽ പ്രായം.
പെൻഷൻ പ്രായം 60 വയസാക്കി ഉയർത്തിയാൽ 15 കോടിയുടെ അധിക ബാധ്യത KTDC യ്ക്ക് ഉണ്ടാകും. പലപ്പോഴും ശമ്പളം പോലും കൃത്യമായി കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കെ.റ്റി.ഡി.സി. പെൻഷൻ പ്രായം കൂടി ഉയർത്തിയാൽ അവസ്ഥ പരിതാപകരം ആകും. യുവാക്കളായ ജീവനക്കാരുടെ സേവനം ഏറ്റവും ആവശ്യമായ മേഖലയാണിത്. പെൻഷൻ പ്രായം ഉയർത്തിയാൽ ഊർജസ്വലതക്ക് പകരം തളർച്ചയാകും ഈ മേഖലയിലെ സർവീസിൽ നിന്ന് ഉണ്ടാകുക. ശമ്പള പ്രതിസന്ധി മറികടക്കാൻ ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചാണ് KTDC യുടെ ദൈനം ദിന പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്.
ക്ഷാമബത്ത കുടിശിക അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ ജീവനക്കാരുടെ തടഞ്ഞ് വച്ചിരിക്കുകയാണ്. മെയ് 31 ന് വിരമിക്കുന്ന സി.ഐ.ടി.യു നേതാവിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പിന്തുണയും ഉണ്ട്. അത് കൊണ്ട് തന്നെ പെൻഷൻ പ്രായം 60 ആയി ഉയരുമോയെന്ന ആശങ്കയിലാണ് ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സുകൾ പാസായി ജോലിയില്ലാതെ നിൽക്കുന്ന യുവതി യുവാക്കൾ.